ഇത്തവണ മനുസ്മൃതിയും; ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ശ്ലോകം ഉൾപ്പെടുത്തി എൻസിഇആർടി

ന്യൂഡൽഹി: എൻസിഇആർടിയുടെ ഒമ്പതാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തക ഉള്ളടക്കത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നു. 'എസ്‌ഐആർ' സംവിധാനത്തിനും അടിയന്തരാവസ്ഥയ്ക്കും പിന്നാലെ, വൈദികകാലത്ത് സ്ത്രീകൾക്ക് ലഭിച്ചിരുന്ന ആദരവ് വ്യക്തമാക്കാൻ 'മനുസ്മൃതി'യിലെ ശ്ലോകം ഉൾപ്പെടുത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ജാതി, ലിംഗപരമായ വിവേചനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടാറുള്ള പുരാതന സംസ്‌കൃത ഗ്രന്ഥമായ മനുസ്മൃതിയിലെ ശ്ലോകം പാഠപുസ്തകത്തിന്റെ ഭാഗമാക്കിയത് വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ-സാമൂഹിക സംവാദങ്ങൾക്ക് കാരണമായേക്കും. 'സ്റ്റേറ്റ് ആൻഡ് സൊസൈറ്റി അപ്പ് ടു 1000 സിഇ' എന്ന അധ്യായത്തിലാണ് മനുസ്മൃതിയിലെ പരാമർശമുള്ളത്.
വൈദിക കാലഘട്ടത്തിൽ സ്ത്രീകൾക്ക് സമൂഹത്തിൽ ഉയർന്നതും ആദരണീയവുമായ സ്ഥാനമാണ് ഉണ്ടായിരുന്നതെന്ന് ഈ അധ്യായം വിശദീകരിക്കുന്നു. സ്ത്രീകൾക്ക് ലഭിച്ചിരുന്ന ആദരവ് അടിവരയിട്ടു കാണിക്കാൻ മനുസ്മൃതിയിലെ 3.56-ാം ശ്ലോകമാണ് പുസ്തകം ഉദ്ധരിക്കുന്നത്. "സ്ത്രീകൾ എവിടെയാണോ ആദരിക്കപ്പെടുന്നത്, അവിടെ ദേവന്മാർ സന്തോഷിക്കുന്നു; എവിടെയാണോ അവർ ആദരിക്കപ്പെടാത്തത്, അവിടെ ചെയ്യുന്ന എല്ലാ പുണ്യകർമ്മങ്ങളും ഫലശൂന്യമായി ഭവിക്കുന്നു" എന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥമെന്ന് പാഠപുസ്തകം പറയുന്നു. അപാല, വിശ്വവാര, ഘോഷ, ലോപമുദ്ര തുടങ്ങിയ സ്ത്രീ സന്യാസിമാർ ഋഗ്വേദത്തിലെ പല സൂക്തങ്ങളും രചിച്ചിട്ടുണ്ടെന്നും സ്ത്രീകൾ പൊതുസഭകളിൽ പങ്കെടുത്തിരുന്നതായും പുസ്തകം വ്യക്തമാക്കുന്നു. എന്നാൽ, സ്ത്രീകളുടെ ഈ പദവി എന്നും ഒരുപോലെയായിരുന്നില്ലെന്നും സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതോടെ പിൽക്കാലത്ത് സ്ത്രീകളുടെ പദവിയിൽ ഇടിവുണ്ടായതായും പുസ്തകം കൂട്ടിച്ചേർക്കുന്നുണ്ട്. വാകാടക രാജ്യം ഭരിച്ചിരുന്ന പ്രഭാവതി ഗുപ്തയെപ്പോലുള്ള രാജ്ഞിമാരുടെ ഭരണ പങ്കാളിത്തവും സംഘകാല സാഹിത്യത്തിലെ സ്ത്രീകളുടെ സംഭാവനകളും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം, പുരാതന ഇന്ത്യയിലെ വർണ്ണ-ജാതി വ്യവസ്ഥകളെക്കുറിച്ചും പുതിയ വ്യാഖ്യാനങ്ങൾ പാഠപുസ്തകത്തിലുണ്ട്. ആദ്യകാല വൈദിക സമൂഹത്തിൽ സാമൂഹിക പദവി നിശ്ചയിച്ചിരുന്നത് ജനനത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ലെന്നാണ് പുസ്തകം വാദിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിന്റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങളെന്ന ആക്ഷേപവുമായി പ്രതിപക്ഷവും ചില ചരിത്രകാരന്മാരും രംഗത്തെത്തിയിട്ടുണ്ട്.










0 comments