ad
Deshabhimani

ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം: രക്ഷാദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

Hormuz

ഹോർമുസ് കടലിടുക്ക്

വെബ് ഡെസ്ക്

Published on Jun 26, 2026, 03:28 PM | 1 min read

ലണ്ടൻ : ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിൽ തായ്‌വാൻ കമ്പനിയായ എവർഗ്രീൻ മറൈന്റെ 'എവർ ലൗലി' എന്ന കപ്പലിന് നേരെ അജ്ഞാത ആക്രമണം ഉണ്ടായതോടെ മേഖലയിൽ ആശങ്ക വർധിച്ചു. ഇതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്ന നടപടികൾ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ താൽക്കാലികമായി നിർത്തിവെച്ചു.


ഒമാൻ ദാഹിത് തീരത്തോട് ചേർന്നായിരുന്നു സംഭവം. ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ നിർദ്ദേശിച്ച റൂട്ടിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. കപ്പലിന്റെ ബ്രിഡ്ജ് വിൻഡോകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാരും ചരക്കും സുരക്ഷിതമാണെന്നും, കപ്പൽ സുരക്ഷിതമായി കടലിടുക്ക് പിന്നിട്ടെന്നും കമ്പനി വ്യക്തമാക്കി. മിസൈൽ ആക്രമണമാണ് നടന്നത്. അതേസമയം, ഇറാൻ അംഗീകാരമില്ലാത്ത റൂട്ടുകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പുനൽകില്ലെന്നും അതിന്റെ ഉത്തരവാദിത്തം ഉടമകൾക്കായിരിക്കുമെന്നും ഇറാൻ പെർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി.


ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ നൂറുകണക്കിന് കപ്പലുകളെയും നാവികരെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികളിലായിരുന്നു ഐഎംഒ. എന്നാൽ പുതിയ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കുന്നതിനാണ് രക്ഷാദൗത്യം നിർത്തിവെച്ചതെന്ന് ഐഎംഒ സെക്രട്ടറി ജനറൽ ആഴ്സെനിയോ ഡൊമിംഗുവസ് വ്യക്തമാക്കി.


സൗദി അരാംകോ തങ്ങളുടെ റാസ് തനൂറ ടെർമിനലിൽ എണ്ണ ലോഡിംഗ് പുനരാരംഭിച്ചിരുന്നു. ദക്ഷിണ കൊറിയൻ കപ്പലുകളും കടലിടുക്കിൽ നിന്ന് പുറത്തുകടക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ആക്രമണം. യുഎസ് പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപിനും ഈ യുദ്ധം വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. നവംബറിലെ മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാ കരാർ നിലനിൽക്കുമോ എന്ന ആശങ്ക ശക്തമാണ്. ഇറാൻ ആണവ പദ്ധതി, എണ്ണ വിതരണം, ഇസ്രയേൽ ലെബനൻ യുദ്ധം തുടങ്ങിയ വിഷയങ്ങളിൽ ധാരണാ കരാറുമായി ബന്ധപ്പെട്ട് ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home