ad
Deshabhimani

വ്യാജ മരുന്നുകൾക്ക് പൂട്ടുവീഴും; വാക്സിനുകൾക്കും ക്യൂ ആർ കോഡ് നിർബന്ധം

Medicine QR Code

പ്രതീകാത്മക ചിത്രം (AI Generated Image)

വെബ് ഡെസ്ക്

Published on Jun 26, 2026, 03:29 PM | 2 min read


ന്യൂഡൽഹി : വിപണിയിലെ വ്യാജവും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകളുടെ വിതരണം തടയുന്നതിനായി ക്യൂ ആർ കോഡ് നിബന്ധന കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂടുതൽ വിപുലമാക്കി. എല്ലാത്തരം വാക്സിനുകൾ, ആന്റിമൈക്രോബയലുകൾ, കാൻസർ മരുന്നുകൾ, ലഹരിമരുന്നുകൾ (narcotic), മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ (psychotropic) എന്നീ വിഭാ​ഗങ്ങളിലുള്ള മരുന്നുകൾക്കാണ് പുതുതായി നിബന്ധന വ്യാപിപ്പിച്ചത്. മരുന്നുകളുടെ ഉറവിടം കണ്ടെത്തുന്നത് കൂടുതൽ കാര്യക്ഷമമാക്കാനാണ് ഈ നടപടി.


രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ വിതരണ ശൃംഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഡ്രഗ്സ് റൂൾസ്, 1945 ലെ ഷെഡ്യൂൾ എച്ച്2 ഭേദഗതി ചെയ്തുകൊണ്ട് മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിൽ മുൻനിരയിലുള്ള 300 മരുന്ന് ബ്രാൻഡുകൾക്ക് മന്ത്രാലയം ക്യൂആർ കോഡ് നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വിഭാഗം മരുന്നുകളെക്കൂടി ട്രാക്ക് ആൻഡ് ട്രേസ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നത്.


വാക്സിനുകൾ, കാൻസർ മരുന്നുകൾ, ലഹരിമരുന്നുകൾ, മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവക്ക് 2027 ജൂലൈ 1 മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും. എന്നാൽ ആന്റിമൈക്രോബയൽ മരുന്നുകൾക്ക് 2028 ജൂലൈ 1 മുതലായിരിക്കും ഇത് ബാധകമാവുക.


പുതിയ ഉത്തരവ് പ്രകാരം മരുന്ന് ഉല്പാദിപ്പിക്കുന്ന കമ്പനികൾ അവയുടെ പ്രൈമറി പാക്കേജിംഗ് ലേബലിൽ ബാർകോഡോ ക്യൂആർ കോഡോ പതിക്കണം. ഇതിന് ആവശ്യത്തിന് സ്ഥലമില്ലാത്ത സാഹചര്യങ്ങളിൽ മാത്രം സെക്കൻഡറി പുറം കവറിൽ ഇത് നൽകിയാൽ മതിയാകും. വിതരണ ശൃംഖലയിലുടനീളം ഉല്പന്നത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ പ്രത്യേക സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വഴി പരിശോധിക്കാൻ സാധിക്കുന്ന വിവരങ്ങളായിരിക്കും ഈ ക്യൂആർ കോഡിൽ ഉണ്ടാവുക.


മരുന്നിന്റെ യുണീക് ഐഡന്റിഫിക്കേഷൻ കോഡ്, ജനറിക്-ബ്രാൻഡ് നാമങ്ങൾ, നിർമാതാവിന്റെ പേരും വിലാസവും, ബാച്ച് നമ്പർ, ഉല്പാദിപ്പിച്ച തിയതി, കാലാവധി, മാനുഫാക്ചറിംഗ് ലൈസൻസ് നമ്പർ, എക്സിപിയന്റുകളുടെ വിവരങ്ങൾ എന്നിവ ഈ കോഡിൽ ഉൾപ്പെടുത്തും.


വ്യാജ മരുന്നുകൾ തടയുന്നതിനൊപ്പം ഗുണനിലവാരമില്ലാത്ത ആന്റിമൈക്രോബയൽ ഉല്പന്നങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുന്നതിലൂടെ ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് പ്രതിരോധിക്കാനും ഈ നീക്കം സഹായിക്കും. കൂടാതെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട് 1985ന് കീഴിലുള്ള മരുന്നുകളുടെ വിതരണം കൃത്യമായി പരിശോധിക്കാനും ഈ ട്രാക്ക് ആൻഡ് ട്രേസ് സംവിധാനം പ്രയോജനപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home