Deshabhimani

ഉപഭോക്തൃ അവകാശ സംരക്ഷണം; പുതിയ നിർദേശവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്‌

kuwait central bank
വെബ് ഡെസ്ക്

Published on Oct 23, 2025, 03:40 PM | 1 min read

കുവൈത്ത് സിറ്റി : ബാങ്കിങ്‌ മേഖലയിലെ സുതാര്യതയും ഉപഭോക്തൃ അവകാശ സംരക്ഷണവും ശക്തിപ്പെടുത്താനായി പുതിയ മാർഗനിർദേശം പുറത്തിറക്കി കുവൈത്ത് സെൻട്രൽ ബാങ്ക്. ‘ബാങ്ക് ഉപഭോക്തൃ സംരക്ഷണ ഗൈഡ്’ എന്ന പേരിലുള്ള നിർദേശം ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുകയും ബാങ്കുകൾക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുകയും ചെയ്യുന്നു. പുതിയ നിയമപ്രകാരം, ഉപയോക്താക്കളുടെ പരാതികൾക്ക് ബാങ്കുകൾ പരമാവധി അഞ്ചു പ്രവൃത്തിദിവസത്തിനകം മറുപടി നൽകണം. മുമ്പ് ഇത്‌ 15 ദിവസമായിരുന്നു. പരാതി പരിഹാരനിലയും ഉപഭോക്തൃ സംതൃപ്തിയും അളക്കാനായി ബാങ്കുകൾ വ്യക്തമായ പ്രകടന സൂചിക രൂപപ്പെടുത്തണം.


ഈ പ്രകടന റിപ്പോർട്ട്‌ മൂന്നുമാസത്തിലൊരിക്കൽ സിഇഒയ്ക്ക്‌ സമർപ്പിക്കണമെന്നും നിർദേശത്തിലുണ്ട്‌. ക്രെഡിറ്റ് കാർഡ്‌ പുതുക്കൽ സംബന്ധിച്ചും നിർണായക മാറ്റം വന്നിട്ടുണ്ട്. ഉപയോക്താവിന്റെ വ്യക്തമായ സമ്മതമില്ലാതെ ബാങ്കുകൾക്ക്‌ ഇനി കാർഡുകൾ പുതുക്കാനാകില്ല. ഓട്ടോമാറ്റിക് പുതുക്കലിന് മൂന്നുമാസം മുന്പ്‌ ഉപയോക്താവിനെ അറിയിക്കണം. പുതുക്കലുമായി ബന്ധപ്പെട്ട നിബന്ധനയും ഫീസും റദ്ദാക്കൽ നടപടികളും കൃത്യമായി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ വർഷം സൗജന്യമായി നൽകിയ കാർഡുകൾ ഉപയോക്താവ് ആ വർഷംതന്നെ റദ്ദാക്കിയാൽ ബാങ്കുകൾ പുതുക്കൽ ഫീസ് ഈടാക്കാൻ പാടില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.


കരാർ ഒപ്പുവയ്ക്കുന്നതിനു മുമ്പ് ബാങ്കുകൾ ‘പ്രാഥമിക വിവര രേഖകൾ’ നൽകണം. പദ്ധതികളുടെയും സേവനങ്ങളുടെയും പ്രധാന വിവരങ്ങൾ, ബാധ്യതകൾ, ഫീസ്, നിബന്ധന എന്നിവ അതിൽ ഉൾപ്പെടണം. കൂടാതെ വായ്‌പാപദ്ധതികൾക്കും നിക്ഷേപങ്ങൾക്കും വാർഷിക ശതമാന നിരക്ക് വ്യക്തമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് ബാങ്കുകൾ തമ്മിലുള്ള പലിശ നിരക്കുകൾ താരതമ്യം ചെയ്ത് യുക്തിപരമായ തീരുമാനം എടുക്കാൻ കഴിയും. വായ്‌പകളും ക്രെഡിറ്റ് കാർഡുകളും സംബന്ധിച്ച് തിരിച്ചടവ് കണക്കാക്കാൻ സഹായിക്കുന്ന ഓൺലൈൻ കാൽക്കുലേറ്റർ ഒരുക്കാനും ബാങ്കുകൾ ബാധ്യതപ്പെട്ടിരിക്കുന്നു. പ്രായപൂർത്തിയാകാത്തവരും പ്രത്യേക ആവശ്യങ്ങളുള്ളവരും ഉൾപ്പെടുന്ന എല്ലാ ഉപയോക്താക്കൾക്കും സൗകര്യപ്രദമായ അക്കൗണ്ട് സംവിധാനങ്ങളും സൗഹൃദ ഡിജിറ്റൽ സേവനങ്ങളും ഉറപ്പാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിർദേശങ്ങൾ 2026 ഏപ്രിൽ അവസാനംമുതൽ പൂർണമായും പ്രാബല്യത്തിൽവരും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home