ഒമാനി രുചികളിലേക്ക് വഴിതുറന്ന് സലാലയിൽ തുറന്ന ബസ് സർവീസ്

സലാല : ഖരീഫ് സീസണിനോടനുബന്ധിച്ച് ഒമാൻ കളിനറി ആർട്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ഓപ്പൺ ബസ് സർവീസ് ശ്രദ്ധേയമാകുന്നു. ഒമാന്റെ പാചക പാരമ്പര്യം വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ പൈതൃക, ടൂറിസം മന്ത്രാലയവും മുവാസലാത്തും ചേർന്നാണ് പദ്ധതി ആരംഭിച്ചത്. തികച്ചും സൗജന്യമാണ് യാത്ര.
വെള്ളിയാഴ്‌ച ആരംഭിച്ച് 30 വരെയും ആഗസ്ത് എട്ടുമുതൽ 14 വരെയും പ്രത്യേക ഓപ്പൺടോപ്പ് ബസിലാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. പുതിയ ഹാഫ സൂഖിൽനിന്ന് ദാരീസ് ബീച്ച് വഴി ചുറ്റിയാണ് യാത്ര. ഒരോ മണിക്കൂർ ഇടവിട്ട് 15 മിനിറ്റ് നീളുന്ന അഞ്ച് ട്രിപ്പ് ആണ് ബസ് സർവീസ് നടത്തുക. വൈകിട്ട് നാലുമുതൽ രാത്രി 10വരെ സർവീസ് ഉണ്ടായിരിക്കും. ബസിൽ ലഘുഭക്ഷണവും ഉണ്ടാകും. ഓപ്പൺടോപ്പ് ബസ് ദോഫാർ ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കും. അൽ ബലീദ് പുരാവസ്തു പാർക്ക്, അൽ ദരീസ് ബീച്ച്, അൽ ഹഫ മാർക്കറ്റ്, അൽ നഹ്ദ ടവർ എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ യാത്രയുടെ ഭാഗമാകും.
ഒമാനെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനൊപ്പം രാജ്യത്തിന്റെ തനത് ഭക്ഷ്യസംസ്‌കാരം ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. ഒമാനി വിഭവങ്ങളെ ആസ്പദമാക്കിയുള്ള പുതുമയാർന്ന ടൂറിസം അനുഭവങ്ങളിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾ, സംരംഭകർ, ഷെഫുമാർ എന്നിവരെ പ്രോത്സാഹിപ്പിക്കാനും സംരംഭം സഹായിക്കും. ഈ പ്രത്യേക കളിനറി ടൂറിസം യാത്രയിൽ 3,000ത്തിലധികം സന്ദർശകർ പങ്കെടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.










0 comments