അംഗീകാരമില്ലാത്ത ഹജ്ജ് ഏജൻസികളെ സൂക്ഷിക്കുക: ഹജ്ജ് മന്ത്രാലയം

ജിദ്ദ: ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ അംഗീകാരമില്ലാത്ത ഏജൻസികളു മായും സ്ഥാപനങ്ങളുമായും ഒരു കാരണവശാലും ഇടപാടുകൾ നടത്തരുതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനൗദ്യോഗിക മാർഗ്ഗങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളോ ആകർഷകമായ ഓഫറുകളോ തെറ്റിദ്ധാരണാജനകമാകാൻ സാധ്യതയുണ്ടെന്നും, അവ മന്ത്രാലയത്തെയോ മറ്റ് ബന്ധപ്പെട്ട അധികാരികളെയോ പ്രതിനിധീകരിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനും, വ്യാജ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വഞ്ചിതരാകാതിരിക്കുന്നതിനും എല്ലാവരും ശ്രദ്ധിക്കണം എന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന ഹജ്ജ് വിസ തീർത്ഥാടകർക്ക് നിർബന്ധമാണ്. 80 രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയങ്ങളുമായി സഹകരിച്ചോ അല്ലെങ്കിൽ 126-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കായി രൂപകൽപ്പന ചെയ്ത "നുസുക് ഹജ്ജ്" എന്ന ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴിയോ മാത്രമേ വിസ നേടാൻ സാധിക്കുക.
ഈ പ്ലാറ്റ്‌ഫോം വഴി നേരിട്ടുള്ള ബുക്കിംഗ് സൗകര്യവും ലഭ്യമാണ്.
സൗദി പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും ഹജ്ജ് പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനുള്ള അംഗീകൃത മാർഗ്ഗങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://masar.nusuk.sa എന്ന "ഇലക്ട്രോണിക് ഓൺലൈൻ വഴിയും ", "നുസുക്" എന്ന മൊബൈൽ ആപ്ലിക്കേഷനും മാത്രമാണെന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു.
കൂടാതെ, തീർത്ഥാടകരുടെ അന്വേഷണങ്ങൾക്കും പരാതികൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന "ഗസ്റ്റ്സ് ഓഫ് ഗോഡ് കെയർ സെന്ററി"ലൂടെ സഹായം തേടാവുന്നതാണ്. വിവിധ ഭാഷകളിൽ സേവനം നൽകാനും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. രാജ്യത്തിനകത്തുള്ളവർക്ക് 1966 എന്ന ഏകീകൃത നമ്പറിലും, പുറത്തുള്ളവർക്ക് +966920002814 എന്ന അന്താരാഷ്ട്ര നമ്പറിലോ നിങ്ങളുടെ സംശയങ്ങളും പരാതികളും അറിയിക്കാവുന്നതാണ്. ഹജ്ജ് തീർത്ഥാടകരെ സേവിക്കാനും അവരുടെ ഹജ്ജ് കർമ്മങ്ങൾ എളുപ്പത്തിലും സുഗമമായും നിർവഹിക്കാൻ സഹായിക്കാനുമുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടികളെല്ലാം സ്വീകരിച്ചിട്ടുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു.










0 comments