ഗള്‍ഫ് ബന്ധങ്ങള്‍ക്ക് പുതിയ തീരം: ഖത്തർ– ബഹ്‌റൈൻ ബോട്ട് സര്‍വീസ് തുടങ്ങി

Representative Image
മനാമ: ഗള്‍ഫ് സഹകരണത്തിന് പുതിയ പാത തുറന്ന് ഖത്തറും ബഹ്‌റൈനും നേരിട്ടുള്ള ബോട്ട് സര്‍വീസ് ആരംഭിച്ചു. ബഹ്‌റൈനിലെ സഅദ മറീനയെയും ഖത്തറിലെ അല്‍ റുവൈസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന സര്‍വീസ് രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ആദ്യ അന്താരാഷ്ട്ര കടല്‍യാത്രാ സംവിധാനമാണ്. ഖത്തര്‍ ഗതാഗത മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ താനിയും ബഹ്‌റൈന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ ഖലീഫയും സംയുക്തമായി സര്‍വീസ് ഉദ്ഘാടനം ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം 65 കിലോമീറ്ററാണ്. പുതിയ ഫെറി സര്‍വീസിന് 70-80 മിനുറ്റ് സമയമാണ് എടുക്കുക. ആദ്യ ഘട്ടത്തില്‍ ജിസിസി പൗരന്മാര്‍ക്ക് മാത്രമായിരിക്കും സര്‍വീസ്. മാസാര്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ബുധൻവരെ രാവിലെയും വൈകിട്ടുമായി പ്രതിദിനം രണ്ട് സര്‍വീസുണ്ടാകും. 22 വരെ പ്രതിദിനം മൂന്ന് സര്‍വീസായി വര്‍ധിപ്പിക്കും.
മികച്ച യാത്രാനുഭവം നല്‍കുന്ന ബോട്ടുകളില്‍ സ്റ്റാന്‍ഡേര്‍ഡ്, വിഐപി സീറ്റിങ് സൗകര്യങ്ങളുണ്ട്. ഒരു യാത്രയില്‍ 28 മുതല്‍ 32 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും.
ഇരുരാജ്യങ്ങളിലെയും സുരക്ഷാ, കസ്റ്റംസ് പ്രോട്ടോക്കോളുകള്‍ക്ക് വിധേയമായിരിക്കും എല്ലാ യാത്രകളും. പ്രാദേശിക ഏകീകരണത്തിന്റെയും സാമ്പത്തിക സഹകരണത്തിന്റെയും പുതിയ അധ്യായം തുറക്കുന്നതാണ് പദ്ധതി. ഖത്തറുമായി നിലവില്‍ വ്യോമമാര്‍ഗവും കരമാര്‍ഗം സൗദി വഴിയും യാത്രാസൗകര്യം ലഭ്യമാണ്. കരമാര്‍ഗമുള്ള യാത്രയ്ക്ക് മൂന്നര മണിക്കൂറോളം എടുക്കും. പുതിയ ഫെറി സര്‍വീസ് യാത്രാസമയം ഒരു മണിക്കൂറായി കുറക്കും. ടൂറിസം മേഖലയില്‍ ഇരുരാജ്യങ്ങളുടെയും വന്‍ കുതിപ്പിന് ഇത് വഴിയൊരുക്കും.









0 comments