പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി: നിര്‍ദേശം തള്ളി ഷൂറ കൗണ്‍സില്‍

baharine
വെബ് ഡെസ്ക്

Published on Mar 04, 2025, 07:37 PM | 2 min read

മനാമ: ബഹ്‌റൈനിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിര്‍ദേശം ഷൂറ കൗണ്‍സില്‍ വീണ്ടും തള്ളി. തീരുമാനം പ്രവാസികളെ ബാങ്കിങ്‌ സംവിധാനത്തിനു പുറത്ത് പണമയക്കാന്‍ പ്രേരിപ്പിക്കുമെന്ന്‌ കൗൺസിൽ ചൂണ്ടിക്കാട്ടി. കൂടാതെ, കള്ളപ്പണം വെളുപ്പിക്കലിനെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ധനകാര്യ രംഗത്ത് ബഹ്‌റൈന്റെ പ്രശസ്‌തിക്ക് ഹാനികരമാകുന്നതിനും കാരണമാകുമെന്നും ഷൂറ കൗണ്‍സില്‍ ഞായറാഴ്ച പ്രസ്താവിച്ചു.


നാട്ടിലേക്ക് അയക്കുന്ന പണം ഉള്‍പ്പെടെ പ്രവാസികളുടെ വിദേശത്തേക്കുള്ള എല്ലാ സാമ്പത്തിക കൈമാറ്റങ്ങള്‍ക്കും നികുതി ചുമത്താന്‍ ലക്ഷ്യമിട്ട് രണ്ട് എംപിമാര്‍ പിന്തുണച്ച നിര്‍ദേശം ഒറ്റ ബില്ലായാണ് കൗണ്‍സില്‍ പരിഗണിച്ചത്. ഷൂറയുടെ സാമ്പത്തിക, സാമ്പത്തിക കാര്യ സമിതി നിര്‍ദേശം അവലോകനം ചെയ്യുകയും പരിഹരിക്കുന്നതിനേക്കാള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പും നല്‍കി. പണമൊഴുക്ക് നിയന്ത്രിക്കാനും വരുമാനം വര്‍ധിപ്പിക്കാനുമാണ് കരട് നിര്‍ദേശം ലക്ഷ്യമിടുന്നതെങ്കിലും അത് അനൗപചാരിക മാര്‍ഗങ്ങളിലൂടെ പണമയക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്ന് കമ്മിറ്റി റിപ്പോര്‍ട്ടര്‍ സാദിഖ് ഈദ് അല്‍ റഹ്‌മ പറഞ്ഞു. അത് കരിഞ്ചന്തയിലേക്ക്‌ വാതില്‍ തുറക്കും. ക്രിപ്‌റ്റോ കറന്‍സിയെ കൂടുതലായി ആശ്രയിക്കാനും കാരണമാകും.


നിര്‍ദിഷ്ട രണ്ട് ശതമാനം നികുതി എങ്ങനെയാണ് കണക്കാക്കിയതെന്നും കൗണ്‍സില്‍ ചോദിച്ചു. നിര്‍ദിഷ്ട നികുതി യഥാര്‍ഥ പ്രയോഗത്തില്‍ അര്‍ഥശൂന്യമാണെന്ന് ഷൂറ അംഗം അലി അല്‍ അറാദി പറഞ്ഞു. നിലവിലില്ലാത്ത പ്രശ്‌നം പരിഹരിക്കാനാണ് നികുതി നിര്‍ദേശം. ലോകമെമ്പാടും ഇത്തരമൊരു നികുതി ഏര്‍പ്പെടുത്തിയാല്‍, വിദേശത്തുള്ള ബഹ്‌റൈനികള്‍ക്ക് സമാനമായ തുക നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നികുതി ഉടമ്പടികളും നിക്ഷേപ സംരക്ഷണ കരാറുകളും ഉള്‍പ്പെടെ ബഹ്‌റൈന്‍ ഒപ്പുവച്ച ഒന്നിലധികം കരാറുകള്‍ക്ക് ബിൽ വിരുദ്ധമാണെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ക്രെഡിറ്റ് കാര്‍ഡുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവ വഴിയുള്ള പതിവ് പേയ്‌മെന്റുകളില്‍നിന്ന് നികുതിക്ക് വിധേയമായി പണം അയയ്ക്കുന്ന തുകയെ അധികാരികള്‍ എങ്ങനെ വേര്‍തിരിച്ചറിയുമെന്നും കൗണ്‍സില്‍ ചോദ്യം ചെയ്തു. ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടക്കാനും ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനും കുടുംബാംഗങ്ങള്‍ക്കിടയില്‍ പണമയക്കാനും മറ്റും ആളുകള്‍ ഇവ ഉപയോഗിക്കുന്നു. അതില്‍നിന്ന് റെമിറ്റന്‍സ് തുകയെ നിയമം എങ്ങനെ വേര്‍തിരിക്കുമെന്നും സാദിഖ് ഈദ് അല്‍ റഹ്‌മ ചോദിച്ചു. ചര്‍ച്ചയ്ക്കുശേഷം, നേരത്തെ ഈ ബില്‍ തള്ളിയത് ഷൂറ കൗണ്‍സില്‍ ശരിവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home