ad
Deshabhimani

കുട്ടികളെ ഡിജിറ്റൽ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ ദേശീയ പരിപാടി: ബഹ്‌റൈൻ പാർലമെന്റ് അനുമതി

BAHRAIN PARLIAMENT
വെബ് ഡെസ്ക്

Published on Feb 11, 2026, 11:00 PM | 1 min read

മനാമ: സ്മാർട്ട് ഫോണുകളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും അമിത ഉപയോഗത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കാനായി സമഗ്ര ദേശീയ പദ്ധതി നടപ്പക്കാനുള്ള നിർദ്ദേശത്തിന് ബഹ്‌റൈൻ പാർലമെന്റ് അംഗീകാരം നൽകി. സ്മാർട്ട് ഫോണുകളുടെയും ഇന്റർനെറ്റിന്റെയും അമിത ഉപയോഗത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുക. സൈബർ ബുള്ളിയിംഗ് (Cyberbullying), ബ്ലാക്ക്‌മെയിലിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം എന്നിവയിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുക, നിയന്ത്രണമില്ലാത്ത ഡിജിറ്റൽ ഉപയോഗം മൂലം കുട്ടികൾക്കുണ്ടാകുന്ന മാനസിക-സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.


15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങുന്നത് നിയമപരമായി നിരോധിക്കും. 15 - 18 വയസുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാമെങ്കിലും 'എൻഹാൻസ്ഡ് പ്രൊട്ടക്ഷൻ മോഡ്' നിർബന്ധമാക്കും. ഇവർക്ക് വ്യക്തിഗത പരസ്യങ്ങൾ നൽകുന്നതിനും അപരിചിതർ സന്ദേശങ്ങൾ അയക്കുന്നതിനും നിയന്ത്രണമുണ്ടാകും. ഡിജിറ്റൽ ഉപകരണങ്ങൾക്ക് പകരമായി കുട്ടികളെ സ്കൂൾ സമയം കഴിഞ്ഞുള്ള വിനോദ പരിപാടികൾ, കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികൾ, വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവയിൽ സജീവമാക്കും.


ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാൻ കൃത്യമായ സാങ്കേതിക വിദ്യ സോഷ്യൽ മീഡിയ കമ്പനികൾ ഏർപ്പെടുത്തണം. വീഴ്ച വരുത്തുന്നവർക്ക് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി പിഴ ചുമത്തും. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും പ്രൊഫൈലിംഗ് നടത്തുന്നതും വിലക്കി. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കാൻ സഹായിക്കുന്ന 'കസ്റ്റോഡിയൻ കൺട്രോൾ ടൂളുകൾ' കമ്പനികൾ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബോധവൽക്കരണത്തിനൊപ്പം കുടുംബങ്ങളും സ്കൂളുകളും പൊതുസ്ഥാപനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് നിർദ്ദേശം സമർപ്പിച്ച എംപി മുനീർ ഇബ്രാഹിം സർവൂർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home