യാത്ര ഇനി ലളിതം; ബഹ്‌റൈന്‍– യുഎഇ വണ്‍ സ്റ്റോപ്പ് സംവിധാനം തുടങ്ങി

സ്വന്തം ലേഖകർ
Published on Feb 18, 2026, 01:21 PM | 2 min read
മനാമ/ ദുബായ് : ബഹ്‌റൈനും യുഎഇയ്ക്കുമിടയില്‍ വിമാനയാത്ര കൂടുതല്‍ ലളിതവും വേഗത്തിലുമാക്കുന്ന വണ്‍- സ്റ്റോപ്പ് യാത്രാസംവിധാനത്തിന്റെ ഒന്നാം ഘട്ടം ഔദ്യോഗികമായി നിലവില്‍ വന്നു. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ചരിത്രനീക്കത്തിന് അംഗീകാരം നല്‍കിയത്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാത്രചെയ്യുന്നവര്‍ക്ക് ഓരോ വിമാനത്താവളങ്ങളിലും ആവര്‍ത്തിച്ചുള്ള പാസ്‌പോര്‍ട്ട് പരിശോധനകളും സുരക്ഷാ നടപടികളും ഒഴിവാക്കാനാകും.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അബുദാബിയിലെ സായിദ് അന്താരാഷ്‌ട്ര വിമാനത്താവളവും മനാമയിലെ ബഹ്‌റൈന്‍ അന്താരാഷ്‌ട്ര വിമാനത്താവളവും തമ്മിലുള്ള യാത്രയാണ് ഉള്‍പ്പെടുത്തിയത്. നിലവില്‍ ഗള്‍ഫ് എയര്‍, എത്തിഹാദ് എയര്‍വേയ്‌സ് എന്നീ വിമാനക്കമ്പനികളിലെ യാത്രക്കാര്‍ക്കാണ് സൗകര്യം പ്രയോജനപ്പെടുക.
യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍തന്നെ എമിഗ്രേഷന്‍, കസ്റ്റംസ്, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ഇലക്‌ട്രോണിക് കണക്റ്റിവിറ്റി, ബയോമെട്രിക് വെരിഫിക്കേഷന്‍, ഇ- ഗേറ്റുകള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. വിമാനമിറങ്ങുന്ന രാജ്യത്ത് കാത്തുനില്‍ക്കാതെ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കും.
യുഎഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജിസിസി ജനറൽ സെക്രട്ടറിയറ്റിന്റെ പിന്തുണയും പദ്ധതിക്കുണ്ട്. ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ വരാനിരിക്കുന്ന ഏകീകൃത വിസ സംവിധാനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പായാണ് നടപടിയെ കണക്കാക്കുന്നത്. മേഖലയിലെ ടൂറിസം, വ്യാപാരം, സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്ക് പുതിയ സംവിധാനം വലിയ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ.
പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഘട്ടത്തിന്റെ വിജയം വിലയിരുത്തിയശേഷം വരുംമാസങ്ങളില്‍ കൂടുതല്‍ വിമാനക്കമ്പനികളിലേക്കും വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലൂടെയുള്ള യാത്രകള്‍ ലളിതമാക്കുന്ന ഏകീകൃത ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ ഈ വര്‍ഷം അവസാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുമുന്നോടിയായാണ് കഴിഞ്ഞ ഡിസംബര്‍മുതല്‍ ബഹ്‌റൈനും യുഎഇയ്ക്കുമിടയില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള വണ്‍ സ്റ്റോപ്പ് എമിഗ്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ടത്.
ജിസിസി രാജ്യങ്ങളുടെ സഹകരണ മനോഭാവത്തിന്റെ പ്രതിഫലനമാണ് പദ്ധതിയെന്ന് ഫെഡറൽ അതോറിറ്റി ഡയറക്‌ടർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു.
സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റമാകുമിത്. ഇലക്‌ട്രോണിക് വിവിരകൈമാറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് മേഖലാതലത്തിലും ആഗോളതലത്തിലും സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments