വ്യാപകമല്ലെന്ന് ന്യായീകരണം
ഇ20 പെട്രോളിൽ പരാതികൾ ലഭിച്ചില്ലെന്ന് പറയാൻ ധൈര്യമുണ്ടോ? കേന്ദ്രത്തോട് ജോൺ ബ്രിട്ടാസ് എംപി

ജോൺ ബ്രിട്ടാസ് എംപി
ന്യൂഡൽഹി: രാജ്യസഭയിൽ എഥനോൾ കലർത്തിയ (E20) പെട്രോളുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് വ്യാപകമല്ലെന്ന ന്യായീകരണവുമായി കേന്ദ്രസർക്കാർ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രം വ്യാപകമല്ലെന്ന വാക്കിൽ മറുപടി ഒതുക്കിയത്. 3 പേജുള്ള മറുപടിയിൽ 8 തവണയാണ് സർക്കാർ "വ്യാപകമല്ല" എന്ന വാക്ക് ഉപയോഗിച്ച് ഒഴിഞ്ഞുമാറിയത്. വ്യാപകമായ പരാതികളില്ല, വ്യാപകമായ ദോഷഫലങ്ങളില്ല, വ്യാപകമായ എഞ്ചിൻ തരാറുകളില്ല, വ്യാപകമായ വാഹനം പണിമുടക്കലുകളില്ല എന്നിങ്ങനെയാണ് ഒറ്റവാക്കിൽ കേന്ദ്രം മറുപടി ഒതുക്കുന്നത്.
ഇതത്ര വലിയ പ്രശ്നമല്ലെങ്കിൽ, എന്തുകൊണ്ടാണ് സർക്കാർ "ഒരു പ്രശ്നവുമില്ല" എന്ന് പറയാതെ, ഓരോ വരിയിലും "വ്യാപകമായ പ്രശ്നങ്ങളില്ല" എന്ന് ആവർത്തിച്ചു പറയുന്നതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. വ്യാപകമല്ലെന്ന ഒറ്റവാക്കിൽ ഒതുക്കുമ്പോൾ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പറയാൻ സർക്കാരിന് ധൈര്യമുണ്ടോ? 'വ്യാപകം' (Widespread) എന്ന വാക്കിന്റെ മറവിൽ യഥാർത്ഥത്തിൽ സംഭവിച്ച എഞ്ചിൻ തകരാറുകളും, വെള്ളം കലരുന്നതിലൂടെ വാഹനങ്ങൾക്കുണ്ടായ കേടുപാടുകളും മറച്ചുവെക്കാനല്ലേ സർക്കാർ ശ്രമിക്കുന്നതെന്ന് ബ്രിട്ടാസ് ചോദിക്കുന്നു.
എണ്ണക്കമ്പനികൾ ഇന്ധനത്തിൽ വെള്ളം കലരുന്നതിനെക്കുറിച്ച് മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ലെന്നും സർക്കാർ അവകാശപ്പെടുന്നു. പക്ഷേ, എഥനോൾ കലർന്ന പെട്രോളിൽ വെള്ളം പെട്ടെന്ന് വലിച്ചെടുക്കപ്പെടുമെന്നും, ഇത് എഞ്ചിന് തകരാറുണ്ടാക്കുമെന്നും, അതിന് തങ്ങൾ ഉത്തരവാദികളല്ലെന്നും വ്യക്തമാക്കുന്ന ബോർഡുകൾ പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിരുന്നത് നമ്മൾ കണ്ടതാണ്. വാഹന ഉടമകൾക്ക് വേണ്ടത് വാചകക്കസർത്തുകൾ അല്ല , വ്യക്തമായ വസ്തുതകളാണ്. കോടിക്കണക്കിന് വരുന്ന സാധാരണക്കാരായ വാഹന ഉടമകളുടെ ആശങ്കകൾക്ക് കൃത്യമായ മറുപടി നൽകാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. വാക്കുകളിലെ കസർത്തുകൊണ്ട് യാഥാർത്ഥ്യത്തെ മൂടിവെക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments