സംയുക്ത സുരക്ഷാ പരിശോധനയ്‌ക്ക് ജലീബ് അൽ ഷുയൂഖിൽ തുടക്കം

കുവൈത്ത് സിറ്റി: കുവൈത്തിലെ വലിയ സംയുക്ത സുരക്ഷാ-നിയന്ത്രണ നടപടികളിലൊന്നിന് ജലീബ് അൽ ഷുയൂഖിൽ തുടക്കം. കുവൈത്ത് സൈന്യം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയ-്‌ക്കൊപ്പം വിവിധ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും സംയുക്തമായാണ് പരിശോധന. അനധികൃത നിർമാണങ്ങൾ, സർക്കാർ ഭൂമി കൈയേറ്റം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾ, അമിത ജനത്തിരക്കുള്ള താമസസൗകര്യങ്ങൾ, താമസകെട്ടിടങ്ങളിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, റെസിഡൻസി നിയമലംഘകർ, വിവിധ കേസുകളിലെ പ്രതികൾ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നേതൃത്വത്തിലാണ് പരിശോധന. നിയമലംഘനം കണ്ടെത്തുന്ന കെട്ടിടങ്ങളിലെ വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിക്കുകയും അനുമതിയില്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്യുന്നുണ്ട്. പരിശോധന ജലീബിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ജലീബ് അൽ ഷുയൂഖിലെ ചില പ്രദേശങ്ങളിലെ മോശം ശുചിത്വവും അമിത ജനത്തിരക്കും ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണി ഉയർത്തുന്നു. ആശുപത്രികളിലും ഭക്ഷണശാലകളിലും ജോലി ചെയ്യുന്ന നിരവധി പേർ ഈ മേഖലയിൽ താമസിക്കുന്നതിനാൽ രോഗങ്ങൾ വ്യാപിക്കാനുള്ള സാധ്യത അവഗണിക്കാനാകില്ല. നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ച ഉണ്ടാകില്ല. ജീവനും സ്വത്തിനും ഭീഷണിയായ ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ ആവശ്യമെങ്കിൽ പൊളിച്ചുനീക്കും. ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ താൽക്കാലിക താമസ കേന്ദ്രങ്ങൾ സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. മാനുഷിക പരിഗണന ഉറപ്പാക്കിയായിരിക്കും നടപടികളെന്നും അധികൃതർ അറിയിച്ചു. പൊതുസുരക്ഷയും പൊതുജനാരോഗ്യവും ശക്തിപ്പെടുത്താനും നിയമപാലനം കർശനമാക്കാനുമായുള്ള ദീർഘകാല നടപടികളുടെ തുടക്കമാണ് പ്രത്യേക ദൗത്യമെന്നും മന്ത്രി പറഞ്ഞു.










0 comments