ഭിന്നശേഷിയുള്ള കുട്ടികൾക്കായി വിദ്യാഭ്യാസ സമുച്ചയം ഒരുങ്ങുന്നു

കുവൈത്ത് സിറ്റി: ഭിന്നശേഷിയുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നുവെന്ന് ഉറപ്പാക്കാൻ ആധുനിക വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. 149 ദശലക്ഷം കുവൈത്ത് ദിനാർ ചിലവിൽ നിർമിക്കുന്ന സമുച്ചയം, കുവൈത്തിലെ അൽ-അഖീല പ്രദേശത്ത് സ്ഥാപിക്കും.പദ്ധതിക്ക് മന്ത്രാലയം അംഗീകാരം നൽകി.
ധനകാര്യ മന്ത്രാലയവും പൊതുമരാമത്ത് മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും ഉയർന്ന നിലവാരത്തിലുള്ള നിർമാണം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ-തബതബായി പറഞ്ഞു.
ഭിന്നശേഷിയുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കാൻ ഈ സംരംഭം ലക്ഷ്യമിട്ടു പ്രവർത്തിക്കും. സമുച്ചയത്തിന്റെ പ്രവർത്തനത്തിന് വേണ്ടി വിദഗ്ധരായ ജീവനക്കാരും, ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും ഉറപ്പാക്കുമെന്നും, അതോടൊപ്പം ഉയർന്ന എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾ പാലിക്കുമെന്നും” അദ്ദേഹം പറഞ്ഞു.
അൽ-അഖീല, ജഹ്റ, ഹവല്ലി തുടങ്ങിയ പ്രദേശങ്ങളിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി മൂന്ന് സമുച്ചയങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സമുച്ചയം. ഭിന്നശേഷിയുള്ള കുട്ടികൾക്ക് അനുയോജ്യമായ വിദ്യാഭ്യാസം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.
ആധുനിക ക്ലാസ്‌റൂമുകൾ, ലാബുകൾ, എന്നിവയുൾപ്പെടെ സമഗ്രമായ വിദ്യാഭ്യാസ സൗകര്യങ്ങൾ സമുച്ചയത്തിൽ ഉണ്ടാകും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികളുടെ കായികവും കലാപരവുമായ വികസനം പ്രധാനമാണെന്നും അതിനായുള്ള പരിപാടികൾ ഉണ്ടാകുമെന്നും,ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരമായ, ശാരീരികവുമായ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ഈ സമുച്ചയത്തിൽ ഉണ്ടാകുമെന്ന് മന്ത്രി സയ്യിദ് ജലാൽ അൽ-തബതബായി വ്യക്തമാക്കി.









0 comments