പശ്‌മിമേഷ്യൻ പ്രതിസന്ധിയിലും അൽ മക്തൂം വിമാനത്താവള വികസനം മുന്നോട്ട്

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം
ദുബായ്: യുഎസ്–ഇറാൻ സംഘർഷവും മേഖലയിലെ വ്യോമഗതാഗത മേഖലയെ ബാധിച്ച അനിശ്ചിതത്വങ്ങളും തുടരുമ്പോഴും ദുബായിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ഡിഡബ്ല്യുസി) വികസനപദ്ധതി നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകുകയാണെന്ന് ദുബായ് എയർപോർട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി.
ദുബായ് ഇന്റർനാഷണൽ വിമാനത്താവളവും അൽ മക്തൂം വിമാനത്താവളവും നിയന്ത്രിക്കുന്ന ദുബായ് എയർപോർട്സിന്റെ തലവനായ ഗ്രിഫിത്ത്സ് ദീർഘകാല വ്യോമയാന വികസന പദ്ധതികളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
2013 മുതൽ യാത്രാസർവീസുകൾക്കായി പ്രവർത്തിക്കുന്ന അൽ മക്തൂം വിമാനത്താവളം വിപുലീകരണത്തിന്റെ രണ്ടാംഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വികസനം പൂർത്തിയാകുന്നതോടെ പ്രതിവർഷം 15 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കും. ആദ്യഘട്ട വികസനം 2032-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ മുഴുവൻ സർവീസുകളും ക്രമേണ അൽ മക്തൂമിലേക്ക് മാറ്റും.
അനിശ്ചിതത്വങ്ങൾ വരികയും പോകുകയും ചെയ്യുമെങ്കിലും നിക്ഷേപം തുടരാനും വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും ഭാവിയെ ആത്മവിശ്വാസത്തോടെ നോക്കിക്കാണാനുമുള്ള ശേഷിയാണ് പ്രധാനമെന്ന് ഗ്രിഫിത്ത്സ് പറഞ്ഞു. യുഎസ്–ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ ആക്രമണങ്ങൾ മേഖലയുടെ വ്യോമപാതകളെ ബാധിച്ചിരുന്നുവെങ്കിലും അൽ മക്തൂം വിമാനത്താവള വികസന പദ്ധതികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ആലോചനയില്ലെന്ന് നേരത്തെയും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സംഘർഷകാലത്ത് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും എമിറേറ്റ്സ്, ഫ്ലൈദുബായ്, എത്തിഹാദ്, എയർ അറേബ്യ തുടങ്ങിയ യുഎഇ ദേശീയ വിമാനക്കമ്പനികൾ പരിമിത സർവീസുകളോടെ പ്രവർത്തനം തുടർന്നു. വ്യോമപാതകൾ പൂർണമായും തുറന്നതോടെ സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങി.










0 comments