ഗതാഗതരംഗത്ത് എഐ വ്യാപിപ്പിക്കും; ചൈനീസ് കമ്പനികളുമായി സഹകരിക്കാൻ ആർടിഎ

ദുബായ് : ഗതാഗത സംവിധാനങ്ങളിൽ എഐ, സ്മാർട്ട് ട്രാൻസ്പോർട്ട്, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ ദുബായ് ആർടിഎ. ചൈനയിലെ പ്രമുഖ സാങ്കേതിക കമ്പനികളായ ഹുവായ്, കാസ്കോ സിഗ്നൽ എന്നിവയുമായുള്ള തന്ത്രപ്രധാന സഹകരണത്തിന്റെ ഭാഗമായാണ് പദ്ധതി. ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായറിന്റെ നേതൃത്വത്തിൽ ചൈന സന്ദർശിച്ച പ്രതിനിധിസംഘം പദ്ധതിക്കായുള്ള കരാറുകൾ ഒപ്പുവച്ചു.
കാസ്കോ സിഗ്നലുമായുള്ള കരാർ പ്രകാരം, ദുബായ് മെട്രോ ബ്ലൂലൈൻ ഉൾപ്പെടെയുള്ള ഭാവി മെട്രോ പദ്ധതികൾക്കായി ദുബായിൽ അത്യാധുനിക ഗവേഷണകേന്ദ്രവും നവീകരണ ലബോറട്ടറിയും സ്ഥാപിക്കും. നിർമിത ബുദ്ധി അധിഷ്ഠിത സിഗ്നലിങ്, ആശയവിനിമയം, പ്രവർത്തന സംവിധാനങ്ങൾ എന്നിവ സേവനത്തിൽ കൊണ്ടുവരുന്നതിനുമുമ്പ് പരീക്ഷിക്കുകയും പരിശീലനം നൽകുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനാണ് കേന്ദ്രം ഉപയോഗിക്കുക.
ഹുവായിയുമായുള്ള സഹകരണം സ്മാർട്ട് സിറ്റി ആപ്ലിക്കേഷനുകൾ, ഏകീകൃത ഗതാഗത ഡാറ്റ പ്ലാറ്റ്ഫോമുകൾ, നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ട്രാഫിക് അപകട നിയന്ത്രണ സംവിധാനങ്ങൾ, സ്മാർട്ട് ഓപ്പറേഷൻസ് സെന്ററുകൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും വ്യാപകമായി പ്രയോജനപ്പെടുത്താനും ലോകത്തെ പ്രമുഖ കമ്പനികളുമായി ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്താനുമുള്ള ആർടിഎയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് കരാറുകളെന്ന് മാത്തർ അൽ തായർ പറഞ്ഞു.
ചൈന സന്ദർശനത്തിനിടെ പ്രതിനിധിസംഘം ഷാങ്ഹായിലെ സർക്കാർ ഏജൻസികളുമായും പ്രമുഖ ഗതാഗത സ്ഥാപനങ്ങളുമായും കൂടിക്കാഴ്ച നടത്തി. എഐ അധിഷ്ഠിത നിയന്ത്രണ കേന്ദ്രങ്ങൾ, സ്മാർട്ട് മെട്രോ സംവിധാനങ്ങൾ, ഏകീകൃത ഗതാഗത ശൃംഖല, അതിവേഗ റെയിൽ സാങ്കേതികവിദ്യ, ആധുനിക പാല– തുരങ്ക നിർമാണ രീതികൾ എന്നിവയും സംഘം വിലയിരുത്തി. ആർടിഎയുടെ നിലവിലെയും ഭാവിയിലെയും അടിസ്ഥാനസൗകര്യ പദ്ധതികളിൽ ചൈനീസ് കമ്പനികളുടെ കൂടുതൽ പങ്കാളിത്തത്തിനുള്ള സാധ്യതകളും ചർച്ചചെയ്തു.











0 comments