യുഎഇയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി; 42 ഏജൻസികൾക്ക് പിഴ

ദുബായ് : ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട തൊഴിൽനിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇൗ വർഷം ആദ്യ ആറുമാസത്തിനിടെ യുഎഇയിലെ 42 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ആകെ 135 പിഴകൾ ചുമത്തി.
തൊഴിലാളി ജോലിയിൽനിന്ന് വിട്ടുപോകുകയോ തൊഴിലുടമ തൊഴിലാളിയെ റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽ തിരിച്ചേൽപ്പിക്കുകയോചെയ്ത സാഹചര്യങ്ങളിൽ തൊഴിലുടമയ്ക്ക് തിരികെ നൽകേണ്ട റിക്രൂട്ട്മെന്റ് ഫീസിന്റെ മുഴുവൻ തുകയോ ഭാഗിക തുകയോ മടക്കി നൽകാത്ത 106 കേസുകൾ കണ്ടെത്തി. ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ തുക തിരിച്ചുനൽകണമെന്നാണ് നിയമം. റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന അംഗീകൃത വ്യവസ്ഥകൾ പാലിക്കാത്ത 29 കേസുകളും കണ്ടെത്തി.
നിലവിൽ യുഎഇയിൽ ലൈസൻസുള്ള 138 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളോ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ മന്ത്രാലയത്തിന്റെ 600590000 എന്ന കോൾസെന്റർ നമ്പറിലൂടെ അറിയിക്കാം. ഇടപാടുകൾ ലൈസൻസുള്ള റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി മാത്രം നടത്തണമെന്നും, അംഗീകൃത ഏജൻസികളുടെ പട്ടിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സാമൂഹിക മാധ്യമ പേജുകളിലും ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.










0 comments