കുട്ടികളെ വാഹനത്തിൽ തനിച്ചാക്കരുത്: മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി : കൊടും ചൂട് നിലനിൽക്കുന്ന സാചര്യത്തിൽ കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തിയാൽ കനത്തപിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. 5000 മുതൽ 10,000 ദിർഹംവരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. യുഎഇയിൽ താപനില 51.6 ഡിഗ്രി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശിശു സംരക്ഷണത്തിനുള്ള വദീമ നിയമപ്രകാരമാണ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയെന്നുമ അധികൃതർ വ്യക്തമാക്കി.
നിർത്തിയിട്ട വാഹനത്തിലെ താപനില അന്തരീക്ഷ താപനിലയേക്കാൾ 30 ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വെയിലത്ത് വാഹനം നിർത്തിയിട്ട് കടകളിലേക്കോ, എടിഎമ്മുകളിലേക്കോ, മറ്റാവശ്യങ്ങൾക്കോ പോകരുത്. വാഹനത്തിനകത്തെ ചൂട് കുട്ടികളിൽ നിർജലീകരണവും ശാരീരിക അസ്വസ്ഥതകളുമുണ്ടാക്കും. കൊടുംചൂടിൽ വാഹനത്തിൽ കുട്ടിയെ തനിച്ചാക്കി മുതിർന്നവർ പുറത്തുപോകുന്നത് അവഗണനയായാണ് കണക്കാക്കുന്നതെന്നും അധികൃതർ അറിയിച്ചു.
കുട്ടികൾ അബദ്ധത്തിൽ വാഹനം ലോക്ക് ചെയ്യാനോ, ഗിയർ മാറ്റാനോ, സ്റ്റാർട്ട് ചെയ്യാനോ സാധ്യതയുണ്ട്. ഇതും അപകടങ്ങൾക്ക് കാരണമാകാം. അവസരം കാത്തിരിക്കുന്ന മോഷ്ടാക്കളുടെ പ്രവർത്തിക്കും കുട്ടികൾ ഇരയാകാൻ സാധ്യതയുണ്ട്. നിയന്ത്രണം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വാഹനത്തിൽ കുട്ടികളെ മാത്രം കണ്ടാൽ ഉടൻ പൊലീസ് (999), ആംബുലൻസിനെ (998) ബന്ധപ്പെടണമെന്നും അധികൃതർ ഓർമപ്പെടുത്തി.








0 comments