ad
Deshabhimani

സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഉദ്ഘാടനം ചെയ്തു

അബുദാബി ഇന്ത്യൻ സ്കൂൾ സുവർണ ജൂബിലി ആഘോഷം തുടങ്ങി

ABU DHABI INDIAN SCHOOL ANNIVERSARY
വെബ് ഡെസ്ക്

Published on Feb 04, 2026, 03:23 PM | 1 min read

അബുദാബി: അബുദാബി ഇന്ത്യൻ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വർണാഭ തുടക്കം. യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. എം എ യൂസഫലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

ഏറ്റവും മികച്ച പ്രവർത്തനമാണ് അബുദാബി ഇന്ത്യൻ സ്കൂൾ നടത്തുന്നതെന്ന്‌ ഷെയ്ഖ് നഹ്യാൻ പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതീകമാണ് അബുദാബി ഇന്ത്യൻ സ്കൂൾ. വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച പിന്തുണയാണ് യുഎഇ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നൽകുന്നത്‌. സുസ്ഥിര ഭാവിയുടെ അടിസ്ഥാനം വിദ്യാഭ്യാസത്തിലാണ്‌. യൂസഫലിയുടെ നേതൃത്വത്തിലുള്ള ബോർഡ് അംഗങ്ങൾ മാതൃകാപരമായാണ് സ്കൂൾ മുന്നോട്ടുനയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


1975ൽ 59 കുട്ടികളുമായി പ്രവൃത്തിയാരംഭിച്ച സ്കൂളിൽ നിലവിൽ 5000ൽ അധികം കു‌ട്ടികളുണ്ടെന്ന്‌ യൂസഫലി പറഞ്ഞു. ലോകമെമ്പാടുമായി രണ്ടു ലക്ഷത്തോളം പൂർവ വിദ്യാർഥികളുണ്ട്‌. അക്കാദമിക് രംഗത്തും പാഠ്യേതര വിഷയങ്ങളിലും മുൻനിരയിലാണ് സ്കൂളിന്റെ പ്രവർത്തനം. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചമേകാൻ അവസരമേകുന്ന സ്കൂളിന് ഭൂമി അനുവദിച്ച യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വലിയ മനസ്സിനെ എക്കാലത്തും നന്ദിയോടെ ഓർക്കുമെന്നും യൂസഫലി പറഞ്ഞു.


ഇന്ത്യൻ എംബസി കോൺസുലർ ഡോ. ബാലാജി രാമസ്വാമി, ഐഐടി ഡൽഹി -അബുദാബി കേന്ദ്രത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ശാന്തനു റോയ്, സിബിഎസ്ഇ ദുബായ് ഡയറക്ടർ ഡോ. രാം ശങ്കർ, ജഷൻമാൽ ഗ്രൂപ്പ് സ്ഥാപിത ചെയർമാൻ മോഹൻ ജഷൻമാൽ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എംഡി അദീബ് അഹമ്മദ്, ലുലു സിഇഒ സെയ്ഫി രൂപാവാല, പൂർവ വിദ്യാർഥിയും പിന്നണി ഗായകനുമായ ബെന്നി ദയാൽ, സ്കൂൾ വൈസ് ചെയർമാൻ ശരദ് ഭണ്ഡാരി, എഡ്യൂക്കേഷൻ ഹെഡ് എം എം ഷബീർ, പ്രിൻസിപ്പൽ ഋഷി പടേഗാവ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


അബുദാബി ഇന്ത്യൻ സ്കൂളിന്റെ സുവർണ ജൂബിലി യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യുന്നു





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home