അബ്ദുൽ റഹീം നാട്ടിലേക്ക്; മോചന ഉത്തരവിൽ ഒപ്പുവച്ചെന്ന് സഹായ സമിതി

ഫറോക്ക്: സൗദി പൗരന്റെ മകൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം നാട്ടിലേക്ക്. റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പ് വച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതിയെ അറിയിച്ചു. തുടർന്നുള്ള എകിസ്റ്റ് വിസ നടപടിയും പൂർത്തിയായി, ഇനി എമിഗ്രേഷൻ കടമ്പ കടക്കാനുണ്ട്.
എമിഗ്രേഷൻ നടപടി കൂടി പൂർത്തിയയാൽ ഏത് സമയവും നാട്ടിലേക്ക് പോകാനാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്ന് സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു. സൗദിയിൽ ബലി പെരുന്നാൾ അവധി തുടങ്ങുന്നതിനാൽ നടപടിക്രമങ്ങള്‍ എന്ന് പൂര്‍ത്തിയാവുമെന്ന് വ്യക്തമല്ല. വധശിക്ഷ റദ്ദാക്കപ്പെട്ടശേഷം വിധിച്ച 20 വർഷത്തെ തടവ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ (പാത്തു)യുടെയും മകനായ അബ്ദുറഹീം 2006 നവംബർ 28ന് 26-ാം വയസിലാണ് ഡ്രൈവർ ജോലിക്കായി റിയാദിലെത്തിയത്. ഡിസംബർ 24നാണ് സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ അസുഖമുള്ള മകൻ അനസ് അൽ ശഹ്‌രി(15)യുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായി അബ്ദുറഹീമിനെ റിയാദ് ഇസ്കാനിലെ ജയിലിലടക്കപ്പെട്ടത്.
കേസിൽ വധശിക്ഷ വിധിച്ച് 18 വർഷം പിന്നിട്ടപ്പോഴാണ് 34 കോടി രൂപ ദിയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയത്. ഇതേ തുടർന്നാണ് കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. ദിവസങ്ങൾക്കകം 48 കോടി രൂപ റഹീമിന്റെ മോചനത്തിനായി സമാഹരിച്ചു. ഇതിൽ 34 കോടി രൂപ മരണപ്പെട്ട സൗദി ബാലന്റെ കുടുംബത്തിനും ഒന്നര കോടി രൂപ സൗദിയിൽ അഭിഭാഷകനും നൽകി.











0 comments