രാജ്യത്ത് 75 ക്ലിനിക്ക് സജ്ജം; മാനസികാരോഗ്യ സഹായത്തിന് 24 മണിക്കൂർ ഹെൽപ്‌ലൈൻ

ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ -സനദ്
കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യങ്ങൾ മുൻനിർത്തി പൊതുജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാനായി വിവിധ സേവനങ്ങൾ ശക്തിപ്പെടുത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലായി 75 മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ -സനദ് വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിലും കുവൈത്ത് സെന്റർ ഫോർ മെന്റൽ ഹെൽത്ത് കേന്ദ്രത്തിലുമുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാണ്. ആശങ്ക, ഭയം, മാനസിക സമ്മർദം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആവശ്യമായ ചികിത്സയും കൗൺസലിങ്ങും കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പൗരന്മാർക്കും താമസക്കാർക്കും തത്സമയം മാനസിക പിന്തുണ ലഭ്യമാക്കാനായി 151 എന്ന നമ്പറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മാനസികാരോഗ്യ ഹെൽപ്‌ലൈൻ ആരംഭിച്ചു. ഈ സേവനത്തിലൂടെ സൈക്യാട്രിസ്റ്റുകളും മാനസികാരോഗ്യ വിദഗ്ധരും ആവശ്യമായ ഉപദേശങ്ങളും കൗൺസലിങ്ങും നൽകുന്നുണ്ടെന്നും അൽ -സനദ് ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ കുടുംബങ്ങൾ കുട്ടികളെയും വയോധികരെയും ആശ്വസിപ്പിക്കണം. അവരെ ഭീതിജനകമായ വാർത്തകളിൽനിന്ന് അകറ്റി നിർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
സാധ്യമായത്ര സാധാരണ ദിനചര്യ തുടരുകയും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം നിലനിർത്തുകയും ചെയ്യുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും. രാജ്യത്ത് കഴിയുന്ന എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കാനായി ആവശ്യമായ പിന്തുണയും സേവനങ്ങളും ആരോഗ്യ മന്ത്രാലയം തുടർന്നും ശക്തിപ്പെടുത്തുമെന്ന് ഡോ. അബ്ദുള്ള വ്യക്തമാക്കി.









0 comments