ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായന സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2018, 09:50 AM | 0 min read

റിയാദ്  > സ്‌കൂള്‍ അവധിക്കാലത്തിനു ശേഷമുള്ള ചില്ല പ്രതിമാസ വായന കേരളത്തിലെ പ്രളയദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് തുടക്കം കുറിച്ചു. അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകനും പാര്‍ലമെന്റേറിയനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാരുടെ 'വരികള്‍ക്കപ്പുറം' എന്ന ആത്മകഥാഗ്രന്ഥം അവതരിപ്പിച്ചുകൊണ്ട് ബീന പരിപാടി ഉദ്ഘാടനം ചെയ്തു.

സ്വതന്ത്ര്യലബ്‌ധിക്കുശേഷം ഇന്ത്യ നേരിട്ട ജനാധിപത്യപരീക്ഷണങ്ങളുടെയും വൈതരണികളുടെയും സാക്ഷിയായി നിന്ന കുദീപ് നയ്യാരുടെ പുസ്‌തകം രാജ്യം സഞ്ചരിക്കേണ്ട വഴികളിലേക്കുള്ള വഴികാട്ടി കൂടിയാണെന്ന് ബീന പറഞ്ഞു.

ഇഖ്‌ബാല്‍ കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ച 'ബുദ്ധമാനസം' ബുദ്ധന്റെ ജീവിതദര്‍ശനങ്ങളെ സരളമായി വിശദീകരിക്കുന്ന ഒന്നാണ്. ഇ എം ഹാഷിമിന്റെ ആത്മീയവിശകലനത്തില്‍ രൂപം കൊണ്ട പുസ്‌തകം ബുദ്ധജീവിതത്തിന്റെ ആത്മനിഷ്ഠമായ അനുഭവമാണ് പങ്കുവെക്കുന്നതെന്ന് ഇഖ്‌ബാല്‍ പറഞ്ഞു.

 നൊബേല്‍ സമ്മാന ജേതാവായ ഓര്‍ഹാന്‍ പമൂക്കിന്റെ 'മൈ നെയിം ഈ റെഡ്' എന്ന പുസ്‌തകമാണ് അഖില്‍ ഫൈസല്‍ അവതരിപ്പിച്ചത്. വായനക്കാരനെ സദാ വായനക്കാരനാണെന്ന ബോധം നിലനിര്‍ത്തുന്ന നോവലില്‍ അതിവിശിഷ്ടമായ രചനയാണെന്ന് അഖില്‍ വ്യക്തമാക്കി.

രണ്ടാഴ്ച്ച മുമ്പ് പ്രകാശനം ചെയ്യപ്പെട്ട 'എസ്‌പതിനായിരം' എന്ന നോവലാണ് റഫീഖ് പന്നിയങ്കര അവതരിപ്പിച്ചത്. എന്‍ പി ഹാഫിസ് മുഹമ്മദിന്റെ ആത്മകഥാംശം അടങ്ങുന്ന നോവല്‍ സരളവും ഹൃദയസ്പൃക്കുമായ അനുഭവമാണെന്ന് റഫീഖ് വിലയിരുത്തി.

കൊമ്പന്‍ മൂസ, സലീം പടിഞ്ഞാറ്റുമുറി, എം ഫൈസല്‍, സിദ്ധീഖ് കൊണ്ടോട്ടി, നജ്‌വ, നജ്‌മ  പ്രദീപ് അരിയമ്പാടന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പരിപാടിയില്‍ നൗഷാദ് കോര്‍മത്ത് മോഡറേറ്ററായിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home