ad
Deshabhimani

കുവൈറ്റിലെ പ്രവാസികളുടെ താമസരേഖ പ്രശ്‌നത്തിൽ ഉടൻ നടപടിയെന്ന് പ്രകാശ് ജാവദേക്കർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 07, 2018, 08:00 AM | 0 min read

കുവൈറ്റ്‌ സിറ്റി > താമസരേഖ പുതുക്കുന്നതിനും പുതിയ കമ്പനികളിൽ ജോലി നേടുന്നതിനും കുവൈറ്റ് ഗവൺമെന്റിന്റെ പബ്ലിക്  മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ മറികടക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാർ  കൈക്കൊള്ളുമെന്ന് കേന്ദ്ര മാനവവികസന ക്ഷേമ മന്ത്രി  പ്രകാശ് ജാവദേക്കർ കുവൈറ്റിൽനിന്നും എത്തിയ വിവിധ എൻജിനീയറിങ് സംഘടനാ പ്രതിനിധികൾക്ക് ഉറപ്പുനൽകി.

പാർലമെന്റ് അംഗങ്ങളായ ഡോ. പി കെ ബിജു, എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ കുവൈറ്റിലെ വിവിധ എൻജിനീയറിങ് ബിരുദ്ധധാരികളുടെ സംഘടനാ പ്രതിനിധികളായ എ ആർ ഷംനാദ്(പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം), പി സേതുമാധവൻ (തമിഴ്‌നാട് എൻജിനീയേഴ്‌സ് ഫോറം), ജി ശ്രീകുമാർ (കുവൈറ്റ്  എൻജിനീയേഴ്‌സ് ഫോറം) എന്നിവർ കേന്ദ്ര മന്ത്രിയുമായി ഏപ്രിൽ രണ്ടാം തീയതി നടത്തിയ ചർച്ചയിലാണ്  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഉറപ്പുനൽകിയത്. 

എൻജിനീയർമാർ തങ്ങളുടെ കുവൈറ്റിലെ താമസരേഖ പുതുക്കുന്നതിനും താമസരേഖ  പുതിയ സ്‌പോൺസറുടെ അടുത്തേക്ക് മാറ്റുന്നതിനും കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സ് എന്ന സ്ഥാപനത്തിൽനിന്നും സമ്മതപത്രം(എൻഓസി) നേടണം എന്ന്  മാർച്ച്‌ 11നാണ്‌ കുവൈറ്റ് ഗവണ്മെന്റിന്റെ പബ്ലിക്  മാൻപവർ അതോറിറ്റി നിദ്ദേശം നല്‍കിയത്. കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സ്, നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ(ചആഅ) അംഗീകാരം ഉള്ള കോളേജുകൾക്കും ബിരുദങ്ങൾക്കും മാത്രമേ  എൻ ഓസി നൽകൂ എന്ന നിബന്ധന കുവൈറ്റിലെ എൻജിനീയറിങ് ബിരുദധാരികൾക്ക് ഇരുട്ടടിയായി മാറുകയാണ് ചെയ്തത്.

പ്രതിനിധി സംഘം ശശി തരൂർ എംപിയെ സന്ദർശിച്ചപ്പോൾ

2010 വർഷത്തിൽ മാത്രം നിലവിൽ വന്നതും 2014ൽ ത്രം കേന്ദ്ര സർക്കാർ ഭാഗികമായി മാത്രം നിർബന്ധമാക്കിയതുമായ നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷനിൽ ഇന്ത്യയിലെ മഹാഭൂരിപക്ഷം എൻജിനീയറിങ് കോളേജുകൾക്കും അംഗീകാരം ഇല്ല. കുവൈറ്റിൽ ജോലിചെയ്യുന്ന 80 ശതമാനത്തിലധികം വരുന്ന എൻജിനീയറിങ് ബിരുദധാരികളെ തൊഴിൽരഹിതരാക്കുന്ന ഈ തീരുമാനത്തെകുറിച്ച്‌ കേന്ദ്ര ഗവണ്മെന്റ് ഉത്കണ്ഠയുണ്ടെന്നും ഈ തീരുമാനം തിരുത്തുന്നതിന് കേന്ദ്രസർക്കാർ ഇടപെടുമെന്നും കേന്ദ്ര മാനവവികസന ക്ഷേമ മന്ത്രാലയം ഇന്ത്യയിലെ അംഗീകൃത എൻജിനീയറിങ് കോളേജുകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കി കുവൈറ്റ് സർക്കാരിന് നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.

ഇത്തരം പട്ടിക നൽകുന്നതിനുള്ള രേഖാപരമായ നിർദ്ദേശം മന്ത്രി സംഘടനാ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തന്നെ അഖിലേന്ത്യ സംങ്കേതിക വിദ്യാഭ്യാസ സമിതി(എഐസിടിഇ) ചെയർമാൻ അനിൽ പി സഹസ്രബുദ്ധക്ക് നൽകുകയും ചെയ്തു. കുവൈറ്റിൽ ജോലിചെയ്യുന്ന എല്ലാ  എൻജിനീയറിങ് ബിരുദ്ധധാരികളുടേയും ആശങ്ക അകറ്റുന്നതിന് ഇന്ത്യൻ വിദേശകാര്യ വകുപ്പുമായും കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടു വേണ്ട നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി. തുടർന്ന്, പാർലമെന്റ് അംഗങ്ങൾ ഉൾക്കൊള്ളുന്ന പ്രതിനിധി സംഘം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗിനെ സന്ദർശിക്കുകയും കുവൈറ്റിലെ എൻജിനീയറിങ് ബിരുദധാരികൾ നേരിടുന്ന പ്രശ്നങ്ങൾ ധരിപ്പിക്കുകയും ചെയ്തു. കുവൈറ്റ് സർക്കാരുമായും ഇന്ത്യൻ എംബസ്സിയുമായും തുടർച്ചയായി ഈ വിഷയത്തിൽ ഇടപെടുന്നുണ്ടെന്നും ഇന്ത്യക്കാർ പരിഭ്രാന്തർ ആകേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

മുൻ മന്ത്രിയും നിലവിലെ വിദേശകാര്യ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂരുമായി ഏപ്രിൽ മൂന്നാം തീയതി പ്രതിനിധികൾ നടത്തിയ ചർച്ചയിൽ തരൂർ ഈ വിഷയത്തിൽ നടത്തിയ ഇടപെടലുകൾ വിശദീകരിച്ചു. മാർച്ച്‌ രണ്ടാം വരം  പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം നൽകിയ മെമ്മോറാണ്ടം അനുസരിച്ചു കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകുകയും അംബാസിഡറെ നേരിട്ട് ബന്ധപ്പെടുകയും തുടർനടപടിക്കായി വിദേശകാര്യ വകുപ്പിന് കത്ത് നൽകിയതായും ശശി തരൂർ പ്രതിനിധി സംഘത്തെ അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ  വി കെ സിംഗ്, എം ജെ അക്ബർ എന്നിവരുമായി കുവൈറ്റിലെ എൻജിനീയറിങ് ബിരുദധാരികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും കുവൈറ്റ് സർക്കാർ നടപ്പാക്കിയ പുതിയ നിയമം നിർത്തിവെക്കാനും നടപടികൾ സുതാര്യമാക്കാനും വേണ്ടി ഒരു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റിലെ പതിനയ്യായിരത്തോളം എൻജിനീയറിങ് ബിരുദധാരികൾ നേരിടുന്ന താമസരേഖ പ്രശ്‌നം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും സഹമന്ത്രി എം ജെ അക്ബറിനെയും നേരിട്ട് കണ്ട് വേണ്ട തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡോ. പി കെ ബിജു എംപിയും എം ബി രാജേഷ് എംപിയും കുവൈറ്റിൽ നിന്നുള്ള എൻജിനീയറിങ് സംഘടനകളുടെ പ്രതിനിധികൾക്ക്  ഉറപ്പുനൽകി. ഇന്ത്യൻ പാർലമെന്റിലെ 18ലധികം അംഗങ്ങളുടെ ഒപ്പുകൾ വാങ്ങി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഈ വിഷയത്തിൽ പരാതി നൽകുകയും അതോടൊപ്പം തന്നെ കുവൈറ്റിൽ നിന്നും വന്ന പ്രതിനിധികൾക്ക് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കാണുന്നതിന് വേണ്ട എല്ലാ സഹായങ്ങളും നൽകിയ പാര്ലമെന്റ് അംഗങ്ങൾക്ക്  പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറവും മറ്റു സംഘടനാ പ്രതിനിധികളും നന്ദി രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home