15 വർഷം സേവനം: നഴ്‌സുമാർക്ക് ഗോൾഡൻ വിസ നൽകാൻ ദുബായ്

ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, photo credit: X/HamdanMohammed
ദുബായ് : ആരോഗ്യ മേഖലയിൽ 15 വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ച നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാൻ ദുബായ്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നൽകുന്ന തീരുമാനം പ്രഖ്യാപിച്ചത്.
സമൂഹത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകളെയും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ നല്‍കിയ നിര്‍ണായക പങ്കിനെയും അംഗീകരിക്കുകയെന്നതാണ് തീരുമാനത്തിന് പിന്നിലെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. നഴ്‌സുമാരുടെ പ്രതിദിന സമർപ്പണവും രോഗികളോടുള്ള പരിചരണ മനോഭാവവും ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു.
മികച്ച സേവനം നൽകുന്നവരെയും സമർപ്പണത്തോടെ സമൂഹത്തെ സേവിക്കുന്നവരെയും ദുബായ് എപ്പോഴും ആദരിക്കുമെന്നും വ്യക്തമാക്കി. യുഎഇയിലെ ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്നത് ഭൂരിഭാഗവും മലയാളികളാണ്. ഇവർക്ക് പുതിയ പ്രഖ്യാപനം ഗുണകരമാകും. 2021 നവംബറിൽ കോവിഡ് മുന്നണിപ്പോരാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഗോൾഡൻ വിസ അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. 2024 ഒക്ടോബർ അഞ്ചിന് ലോക അധ്യാപകദിനത്തിൽ ദുബായിലെ മികച്ച സ്വകാര്യ അധ്യാപകർക്കും ഗോൾഡൻ വിസ അനുവദിച്ചിരുന്നു.











0 comments