യുഎഇയുടെ പുരാതന ചരിത്രത്തിലേക്ക് പുതിയ വെളിച്ചം; അൽ ഐനിൽ 4000 വർഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി

യുഎഇ: അൽ ഐൻ മേഖലയിലെ ഖത്താറ പ്രീ-ഇസ്ലാമിക് നെക്രോപൊളിസിൽ ഏകദേശം 4,000 വർഷം പഴക്കമുള്ള ശവകുടീരം പുരാവസ്തു ഗവേഷകർ കണ്ടെത്തി. അബുദാബി സംസ്കാര-ടൂറിസം വകുപ്പ് നടത്തിയ ഖനനത്തിലാണ് വാദി സൂഖ് കാലഘട്ടത്തിലും അവസാന വെങ്കലയുഗത്തിലും (ബി.സി. 2000–1300) പെട്ട ഈ പുരാതന ശ്മശാനം കണ്ടെത്തിയത്.
യുഎഇയുടെ പുരാതന ചരിത്രത്തെക്കുറിച്ചും അറേബ്യൻ ഉപദ്വീപിലെ പ്രാചീന ജനവിഭാഗങ്ങളുടെ ജീവിതരീതികളെക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ ഈ കണ്ടെത്തൽ നൽകുമെന്ന് അധികൃതർ അറിയിച്ചു. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട അൽ ഐൻ മേഖലയിലെ ചരിത്രപ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തലെന്നും വിലയിരുത്തപ്പെടുന്നു.
11 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള ഭൂഗർഭ ശവകുടീരം കുറഞ്ഞത് ആയിരം വർഷക്കാലം സമൂഹ ശ്മശാനമായി ഉപയോഗിച്ചിരുന്നതായി പുരാവസ്തു ഗവേഷകർ പറയുന്നു. വാദി സൂഖ് കാലഘട്ടത്തിൽ ആരംഭിച്ച സംസ്കാര ചടങ്ങുകൾ ഇരുമ്പുയുഗം വരെയും ഇവിടെ തുടർന്നിരുന്നതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
കിഴക്കോട്ട് അഭിമുഖമായി നിർമ്മിച്ച പ്രവേശന കവാടത്തിലൂടെ ഉദയസൂര്യന്റെ പ്രകാശം ശവകുടീരത്തിനുള്ളിലേക്ക് എത്തുന്ന തരത്തിലായിരുന്നു നിർമ്മാണം. പൂർവികരോടുള്ള ആദരവും പുനർജന്മത്തെക്കുറിച്ചുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുന്ന ചടങ്ങുകൾക്കായാണ് ഈ പ്രത്യേക രൂപകൽപ്പനയെന്നാണ് ഗവേഷകരുടെ നിഗമനം.
200 കിലോഗ്രാമിലധികം ഭാരമുള്ള കൽവാതിലും മുൻകാല ഉം അൻ നാർ സംസ്കാരകാലത്തെ ശവകുടീരങ്ങളിൽ നിന്നുള്ള ശിലാഖണ്ഡങ്ങൾ പുനരുപയോഗിച്ചുള്ള നിർമ്മാണരീതിയും ഈ ശവകുടീരത്തിന്റെ പ്രത്യേകതയാണ്. ഖനനത്തിൽ പുരാതന പാത്രങ്ങൾ, ആയുധങ്ങൾ, ആഭരണങ്ങൾ തുടങ്ങി നിരവധി പുരാവസ്തുക്കളും മനുഷ്യാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദമായി പഠനവിധേയമാക്കുകയാണെന്ന് അബുദാബി സംസ്കാര-ടൂറിസം വകുപ്പ് അറിയിച്ചു.
ഡിഎൻഎ പരിശോധന, ഐസോടോപ്പ് വിശകലനം തുടങ്ങിയ ആധുനിക ശാസ്ത്രീയ പരിശോധനകളിലൂടെ അന്നത്തെ ജനങ്ങളുടെ ഭക്ഷണരീതി, ആരോഗ്യസ്ഥിതി, കുടിയേറ്റ മാതൃകകൾ, വ്യാപാരബന്ധങ്ങൾ, സാമൂഹിക ജീവിതം എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
"ഇത്തരം കണ്ടെത്തലുകൾ യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതോടൊപ്പം, അതിനെ സംരക്ഷിക്കാനും കൂടുതൽ പഠിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ശക്തിപ്പെടുത്തുന്നതാണ്," അബുദാബി സംസ്കാര-ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.











0 comments