പാലക്കാട് വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അപകടം: ഒരു മരണം

പാലക്കാട്: പാലക്കാട് ഒമ്പതാം മൈലിൽ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു. യുവക്ഷേത്ര കോളേജ് രണ്ടാം വർഷ വിദ്യാർഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.55ഓടെയായിരുന്നു അപകടം.
പാലക്കാട് നിന്ന് ചെറുപ്പളശ്ശേരി ഭാഗത്തേക്ക് ആശുപത്രി മാലിന്യങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഉച്ചയ്ക്ക് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന യുവക്ഷേത്ര കോളേജിലെ വിദ്യാർഥികൾ റോഡിന്റെ വശം ചേർന്ന് നടന്നു പോകുമ്പോഴായിരുന്നു ലോറി നിയന്ത്രണം വിട്ട് അവർക്കിടയിലേക്ക് പാഞ്ഞുകയറിയത്. ലോറി നടപ്പാതയുടെ കൈവരിയിൽ ഇടിച്ചാണ് നിന്നത്.
അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്കും പ്രദേശവാസിയായ ഒരാൾക്കും പരിക്കേറ്റു. ലോറിക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്ന വിദ്യാർഥികളെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ ഒലവക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഫർഹാൻ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അപകടം നടന്ന പ്രദേശം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു.











0 comments