സ്റ്റേഷനിൽ അതിക്രമിച്ചു കയറി പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ച സിഐ കസ്റ്റഡിയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി സെല്ലിലുള്ളവരെ മോചിപ്പിക്കാൻ ശ്രമിച്ച സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ. ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ യഹിയെയാണ് കസ്റ്റഡിയിൽ എടുത്തത്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് സംഭവം.
പനവൂർ മേഖലയിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ നെടുമങ്ങാട് പൊലീസ് കഴിഞ്ഞ ദിവസം രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്റ്റേഷനിലെത്തിയ സിഐ യഹിയ, ഇവർ തന്റെ ബന്ധുക്കളും പരിചയക്കാരുമാണെന്നും ഉടനടി വിട്ടയക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
നെടുമങ്ങാട് എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഈ ആവശ്യത്തിന് വഴങ്ങാതിരുന്നതോടെ പ്രകോപിതനായ സിഐ യഹിയ സ്വയം ലോക്കപ്പ് സെല്ലിന്റെ വാതിൽ തുറന്ന് പ്രതികളെ പുറത്തിറക്കാൻ ശ്രമിച്ചു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇയാളെ തടഞ്ഞു. ഇതോടെ സിഐ നേരെ സെല്ലിനുള്ളിലേക്ക് കയറിക്കിടക്കുകയും, അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മുഴുവൻ കടുത്ത ഭാഷയിൽ ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തു.
സിഐ യഹിയ മദ്യപിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.










0 comments