18 മാസം; കുവൈത്തിൽ 10,200 പേർക്ക് ഹൃദയാഘാതം

കുവൈത്ത് സിറ്റി : രാജ്യത്ത് ഹൃദയാഘാത രോഗികളുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നതായി കുവൈത്ത് ഹൃദയ അസോസിയേഷൻ ഡയറക്‌ടർ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. ഡോ. മുഹമ്മദ് സുബൈദ്. രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്ര ഹൃദയാഘാതം അനുഭവിച്ച രോഗികളിൽ അസോസിയേഷൻ നടത്തിയ വിപുലമായ പഠനത്തിലാണ് കണക്കുകൾ പുറത്തുവന്നത്. കഴിഞ്ഞ 18 മാസത്തിനിടെ ഏകദേശം 10,200 പേർക്ക് ഹൃദയാഘാതം സംഭവിച്ചു. ഇവരിൽ 65 ശതമാനത്തിന് ഉയർന്ന രക്തസമ്മർദവും 55 ശതമാനത്തിന് പ്രമേഹവും ഉണ്ടായിരുന്നു. മുബാറക് അൽ കബീർ ആശുപത്രിയിലെ കാർഡിയോളജി വിഭാഗവും കുവൈത്തിലെ ഹൃദയ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കാർഡിയോളജി അപ്‌ഡേറ്റ്സ് കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്തിൽ ഹൃദയരോഗങ്ങളുടെ വർധിച്ചുവരുന്ന തോത് വലിയ ആരോഗ്യ വെല്ലുവിളിയായി മാറുകയാണ്. ഹൃദയാഘാതം തടയുന്നതിന് ജീവിതശൈലി മാറ്റങ്ങൾ, മരുന്നുകളിലൂടെ ചികിത്സ, ആധുനിക കാതറ്ററൈസേഷൻ സാങ്കേതികവിദ്യ ഉൾപ്പെടുന്ന ശസ്ത്രക്രിയ ഇടപെടലുകൾ എന്നിവയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, പ്രമേഹം തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടുന്നതിനായി ഫാർമസ്യൂട്ടിക്കൽ, സർജിക്കൽ, എൻഡോസ്കോപ്പിക് മേഖലകളിലെ പുതിയ ഗവേഷണങ്ങളും നൂതന ചികിത്സാവിധികളും സമ്മേളനത്തിൽ അവതരിപ്പിച്ചു. ബാരിയാട്രിക് സർജറി, എൻഡോക്രിനോളജി, ഗാസ്ട്രോഎൻട്രോളജി, ഇന്റേണൽ മെഡിസിൻ തുടങ്ങിയ വിവിധ വിദഗ്ധവിഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ പങ്കാളിത്തം അറിവ് കൈമാറ്റത്തിനും രോഗി പരിചരണ നിലവാരം ഉയർത്തുന്നതിനും സഹായിക്കുന്നതായി സമ്മേളന ചെയർമാനായ ഡോ. ഫഹദ് അൽ ഹജ്രി പറഞ്ഞു.










0 comments