Deshabhimani

കാലവും കടന്ന് കൽഹാത്ത്

Qalhat Oman.jpg
avatar
രാജീവ്‌ മഹാദേവൻ

Published on Oct 24, 2026, 11:39 AM | 4 min read

ഇബ്നു ബത്തൂത്തയെയും മാർക്കോ പോളോയെയും വിസ്‌മയിപ്പിച്ച ഒമാന്റെ പ‍ൗരാണിക നഗരമാണ്‌ കൽഹാത്ത്. യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടംനേടിയ ചരിത്രമുറങ്ങുന്ന തുറമുഖ നഗരം. ഒമാന്റെ തീരത്തെ പുരാതന രഹസ്യം. കാലത്തെ അതിജീവിച്ച സാമ്രാജ്യത്തിന്റെ ശേഷിപ്പുകളിലേക്ക്‌...


​മസ്‌കത്തിൽനിന്ന് സൂറിലേക്കുള്ള യാത്രാവഴിയിൽ സൂറിനോടടുത്ത് ഏതാനും കിലോമീറ്റർ മുന്നിലായി റോഡിന് വലതുവശത്തായി ബോർഡ് കാണാം. ‘Ancient City of Kalhat’. ആ വഴിയിലൂടെ മുന്നോട്ട് പോയാൽ എത്തിച്ചേരുക നാശാവശിഷ്‌ടങ്ങൾ മാത്രമായ പ്രാചീന നഗരത്തിലേക്കാണ്. മാർക്കോ പോളോയും ഇബ്നു ബത്തൂത്തയും സന്ദർശിച്ചുപോയ പുരാതന നഗരം ഇരുകൈയും നീട്ടി നമ്മളെയും സ്വീകരിക്കും.

​

ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട മധ്യകാല പുരാവസ്‌തു കേന്ദ്രങ്ങളിലൊന്നായിരുന്നു കൽഹാത്ത്. ഇന്ത്യൻ മഹാസമുദ്രതീരത്തെ സമുദ്രവ്യാപാരത്തിന്റെയും സാംസ്‌കാരിക കൈമാറ്റത്തിന്റെയും നഗരവികസനത്തിന്റെയും പ്രധാന കേന്ദ്രം. ഒമാന്റെ കിഴക്കൻ തീരത്ത്, ദക്ഷിണ ഷർഖിയ ഗവർണറേറ്റിലാണ് കൽഹാത്ത് സ്ഥിതിചെയ്യുന്നത്. പതിനൊന്നാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലാണ് ഇതൊരു പ്രധാന തുറമുഖമായി വളർന്നതെന്ന് ചരിത്രം വ്യക്തമാക്കുന്നു.

​

നഗരത്തിന്റെ ഉദയവും വളർച്ചയും

​

രേഖപ്പെടുത്തിയ കൽഹാത്തിയൻ ചരിത്രം ആരംഭിക്കുന്നത് പത്തും പതിനൊന്നും നൂറ്റാണ്ടിനിടയിലാണെങ്കിലും ബിസി 500മുതൽ ഈ നഗരം നിലനിന്നിരുന്നതായി സ്ഥിരീകരിക്കാത്ത തെളിവുകളുണ്ട്. സമുദ്രവ്യാപാര പാതകളിലെ തന്ത്രപ്രധാന ഭൂമിശാസ്‌ത്ര സ്ഥാനമാണ്‌ പ്രദേശത്തെ വ്യത്യസ്‌തമാക്കിയത്. അറേബ്യൻ ഉപദ്വീപിനെ ഇന്ത്യ, കിഴക്കൻ ആഫ്രിക്ക, പേർഷ്യ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മറ്റു പ്രദേശങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചിരുന്ന കേന്ദ്രമായിരുന്നു കൽഹാത്ത്. മധ്യകാലഘട്ടത്തിലാണ് നഗരം കൂടുതൽ പ്രാധാന്യം നേടിയത്. സമുദ്രവ്യാപാരത്തിന്റെ വളർച്ച ഒമാനിലെ തീരദേശ നഗരങ്ങളുടെയും വ്യാപാര ശൃംഖലകളുടെയും പുരോഗതിക്ക് വഴിയൊരുക്കിയ കാലമായിരുന്നു അത്. പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിൽ കൽഹാത്ത്, ഹോർമുസ് സാമ്രാജ്യവുമായി ബന്ധപ്പെട്ടിരുന്ന പ്രധാന തുറമുഖമായി വളർന്നു. ഹോർമുസ് കടലിടുക്കിനും പേർഷ്യൻ ഉൾക്കടലിനും ചുറ്റുമുള്ള നിർണായക വ്യാപാരപാതകളുടെ നിയന്ത്രണം കൈവശംവച്ചിരുന്ന ശക്തമായ സമുദ്രവ്യാപാര ഭരണകൂടമായിരുന്നു ഹോർമുസ് സാമ്രാജ്യം.

​

തുണിത്തരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മൺപാത്രങ്ങൾ, മറ്റ് വിലപിടിപ്പുള്ള ചരക്കുകൾ എന്നിവയുടെ കൈമാറ്റത്തിനുള്ള പ്രധാന വാണിജ്യകേന്ദ്രമായിരുന്നു കൽഹാത്ത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ചിരുന്ന കപ്പലുകളുടെയും വ്യാപാരികളുടെയും യാത്രികരുടെയും സജീവ സാന്നിധ്യവുമായി നഗരത്തിന്റെ സമൃദ്ധി അഭേദ്യമായി ബന്ധപ്പെട്ടിരുന്നു. വിവിധ സംസ്‌കാരങ്ങൾ പരസ്‌പരം ഇടപഴകിയിരുന്ന കേന്ദ്രംകൂടിയായിരുന്നു കൽഹാത്ത്. നഗരത്തിന്റെ വാസ്‌തുവിദ്യയും പുരാവസ്‌തു അവശിഷ്‌ടങ്ങളും പിൽക്കാലത്ത് വിദേശത്തുനിന്ന് ലഭിച്ച വസ്‌തുക്കളും അറേബ്യയും മറ്റു പ്രദേശങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധങ്ങളുടെ തെളിവുകളാണ്. കേവലമായ സമുദ്രവ്യാപാര ബന്ധങ്ങൾക്ക് പുറമേ, കലാപരവും സാംസ്‌കാരികവും സാങ്കേതികവുമായ കൊടുക്കൽ വാങ്ങലുകൾ ഈ നഗരവുമായി ബന്ധപ്പെട്ട്‌ നടന്നിരുന്നു.


ഹോർമുസ് സാമ്രാജ്യം

​

മധ്യകാലഘട്ടത്തിൽ പേർഷ്യൻ ഉൾക്കടലിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും സമുദ്രവ്യാപാരത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന ശക്തമായ സാമ്രാജ്യമായിരുന്നു ഹോർമുസ്. പതിമൂന്നാം നൂറ്റാണ്ടുമുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെ ഇന്ത്യ, കിഴക്കൻ ആഫ്രിക്ക, ചൈന, അറേബ്യ എന്നിവയെ ബന്ധിപ്പിക്കുന്ന വ്യാപാരപാതകളിലെ പ്രധാന കേന്ദ്രമായി ഇത് നിലകൊണ്ടു. കൽഹാത്ത് നഗരം ഹോർമുസിന്റെ ഭാഗമായ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു. 1507-ൽ പോർച്ചുഗീസുകാർ ഹോർമുസ് കീഴടക്കിയതോടെ സാമ്രാജ്യത്തിന്റെ സ്വാധീനം കുറഞ്ഞു തുടങ്ങി. 1622-ൽ പേർഷ്യൻ സൈന്യം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്തോടെ ഹോർമുസ് ദ്വീപ് തിരിച്ചുപിടിച്ചു. ചരിത്രത്തിലെ ഈ വ്യാപാരകേന്ദ്രത്തിന്റെ പ്രാധാന്യം ഇന്നും ഹോർമുസ് കടലിടുക്കിലൂടെ തുടരുന്നു. ഈ ഇടുങ്ങിയ കടൽപ്പാത പേർഷ്യൻ ഉൾക്കടലിനെ ഒമാൻ ഉൾക്കടലും അറബിക്കടലുമായി ബന്ധിപ്പിക്കുന്നു. ഇന്ന് ആഗോളതലത്തിലെ ഏറ്റവും തന്ത്രപ്രധാനമായ വ്യാപാരപാതയാണ് ഹോർമുസ്. അമേരിക്ക-–ഇറാൻ സംഘർഷപശ്ചാത്തലത്തിൽ ഈ പ്രദേശത്തിന് വളരെയധികം രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുണ്ട്.

​

നഗരാസൂത്രണം

​

പുരാതന കൽഹാത്ത് നഗരത്തിന്റെ പ്രധാന മതിലുകൾക്കുള്ളിലെ വിസ്‌തീർണം ഏകദേശം 35 ഹെക്‌ടറായാണ് കണക്കാക്കിയത്. നഗരത്തിന് പുറത്തേക്കും ശ്‌മശാനഭൂമികൾ വ്യാപിച്ചിരുന്നു. നഗരത്തിന്റെ ആസൂത്രിത ഘടനയിൽ താമസമേഖലകൾ, തെരുവുകൾ, പ്രതിരോധമതിലുകൾ, ജലസംഭരണ സംവിധാനങ്ങൾ, ആരാധനാലയങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു. പുരാവസ്‌തു ഖനനങ്ങളിലൂടെ വീടുകളുടെ അവശിഷ്‌ടങ്ങളും ചരിത്രപ്രാധാന്യമുള്ള മസ്‌ജിദിന്റെ അവശിഷ്‌ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മധ്യകാലഘട്ടത്തിൽ കൽഹാത്ത് സുസംഘടിതവും സമ്പന്നവുമായ നഗരമായിരുന്നുവെന്നതിന്റെ തെളിവുകളാണിതെല്ലാം.

​

നഗരത്തിന് ത്രികോണാകൃതിയിലുള്ള രൂപമായിരുന്നു. വാദിയുടെ തീരത്തുള്ള വടക്കുപടിഞ്ഞാറൻ ഭാഗത്തും തെക്കുപടിഞ്ഞാറൻ ഭാഗത്തെ പർവതത്തോട്‌ ചേർന്ന പ്രദേശത്തും നഗരത്തെ സംരക്ഷിച്ചിരുന്ന കോട്ടമതിലുകളുടെ അവശിഷ്‌ടങ്ങൾ ഇന്നും കാണാം. തെക്കുപടിഞ്ഞാറൻ ഭാഗത്ത് ഈ മതിലുകൾ ഒന്നുമുതൽ രണ്ടുമീറ്റർവരെ ഉയരത്തിൽ നിലനിൽക്കുന്നു. വാദി ഹിൽമി (Wadi Hilmi) നഗരത്തിന് ആവശ്യമായ ജലവിതരണം ഉറപ്പാക്കി. പുരാതന ഫലജ് ജലസേചന സംവിധാനത്തിന്റെ അവശിഷ്‌ടങ്ങൾ ഇന്നും അവിടെ കാണാനാകും. എന്നാൽ, നഗരത്തിനുസമീപം കൃഷിയോഗ്യമായ ഭൂമി വളരെ കുറവായിരുന്നു. അതിനാൽ, അൽബുക്കർക്കിന്റെ വിവരണപ്രകാരം ഭക്ഷ്യവസ്‌തുക്കൾ ഉൾപ്രദേശങ്ങളിൽനിന്ന് എത്തിക്കേണ്ടിവന്നു. മാർക്കോ പോളോയുടെയും ഇബ്‌നു ബത്തൂത്തയുടെയും വിവരണങ്ങൾ അനുസരിച്ച്, കടൽവ്യാപാരത്തിലൂടെയും ഭക്ഷ്യവസ്‌തുക്കൾ എത്തിച്ചിരുന്നു.

​

ബീബി മറിയം സ്‌മരണകുടീരം സ്ഥിതിചെയ്യുന്ന പടിഞ്ഞാറൻ കോണിനെ നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് വേർതിരിച്ചിരുന്നത് വിഭജനമതിലായിരുന്നു. നഗരത്തിന്റെ തെക്കുഭാഗത്ത്, കടൽത്തീരത്തെ പർവതശിഖരവുമായി ബന്ധിപ്പിക്കുന്ന മറ്റൊരു മതിൽകൂടി ഉണ്ടായിരുന്നു. തീരദേശത്തിലൂടെയുള്ള പ്രവേശനമാർഗം സംരക്ഷിക്കുകയായിരുന്നു ഈ മതിലിന്റെ ലക്ഷ്യം. ഈ മതിലിനും നഗരത്തിന്റെ പ്രധാന ഭാഗത്തിനും ഇടയിലുള്ള പ്രദേശത്ത് ജനവാസം താരതമ്യേന കുറവായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

​

ബീബി മറിയം സ്‌മരണകുടീരം

​

കൽഹാത്തിലെ ഏറ്റവും പ്രശസ്‌ത ചരിത്രസ്‌മാരകമാണ് ബീബി മറിയത്തിന്റെ സ്‌മരണകുടീരം (Mausoleum of Bibi Maryam). പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെയോ പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ നിർമിച്ചതായി കരുതപ്പെടുന്നതാണ്‌ ഈ സ്‌മാരകം. ഒമാനും ഇസ്ലാമിക ലോകത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുണ്ടായിരുന്ന വാസ്‌തുവിദ്യാ-കലാപരമായ ബന്ധങ്ങളുടെ തെളിവാണ് സ്‌മാരകം. നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രധാന അടയാളമായി ഇത് ഇന്നും നിലകൊള്ളുന്നു. മാർക്കോ പോളോ, ഇബ്നു ബത്തൂത്ത തുടങ്ങിയ പ്രശസ്‌ത സഞ്ചാരികൾ കൽഹാത്ത് സന്ദർശിച്ചതായും ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. അവരുടെ വിവരണങ്ങൾ മധ്യകാലഘട്ടത്തിൽ ഈ നഗരത്തിനുണ്ടായിരുന്ന വാണിജ്യപ്രാധാന്യവും നഗരജീവിതത്തിന്റെ സമൃദ്ധിയും മനസ്സിലാക്കാൻ സഹായിക്കുന്നു.

​

പോർച്ചുഗീസ് ആക്രമണം

​

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കുള്ള പോർച്ചുഗീസുകാരുടെ വ്യാപനം നഗരത്തിന്റെ സമൃദ്ധിക്ക് തിരിച്ചടിയായി. അവരുടെ സൈനിക നീക്കങ്ങൾ നിലവിലുണ്ടായിരുന്ന വ്യാപാരശൃംഖലകളെ തകർത്തു. നഗരത്തിന്റെ വാണിജ്യപ്രാധാന്യം കുറയ്‌ക്കുകയും ചെയ്‌തു. 1507-ൽ അൽബുക്കർക്കും (Albuquerque) പോർച്ചുഗീസ് നാവികസേനയും കൽഹാത്ത് പിടിച്ചടക്കിയ സമയത്തുതന്നെ മസ്‌കത്തിന്റെ വളർച്ചയെത്തുടർന്ന് കൽഹാത്തിന്റെ പ്രാധാന്യം കുറഞ്ഞുതുടങ്ങി.

​

ചരിത്രപ്രാധാന്യം

​

2018-ൽ കൽഹാത്ത് പൗരാണിക നഗരത്തെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. സാംസ്‌കാരിക കൈമാറ്റത്തിന്റെ പ്രാധാന്യവും ഹോർമുസ് രാജ്യത്തിന്റെ ചരിത്രത്തിന് ഈ നഗരം നൽകുന്ന തെളിവുകളും പരിഗണിച്ചാണ് അംഗീകാരം. ഒമാന്റെ ചരിത്രത്തിന് മാത്രമല്ല, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വ്യാപാരത്തിന്റെയും വിവിധ സംസ്‌കാരങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെയും വിശാലമായ പഠനത്തിനുള്ള തുറന്ന പുസ്‌തകമായി കൽഹാത്ത് ഇന്നും നിലകൊള്ളുന്നു.

​

ഒരുകാലത്ത് സമുദ്രയാനങ്ങളുടെയും വ്യാപാരികളുടെയും സഞ്ചാരികളുടെയും സജീവ സാന്നിധ്യത്താൽ സമ്പന്നമായിരുന്ന ഈ നഗരം ഇന്ന് നിശ്ശബ്‌ദമാണ്. ഹോർമുസ് കടലിടുക്ക് ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവിതങ്ങളിലെ ലോകരാഷ്ട്രീയത്തിന്റെ ഭാവിയെ നിശ്ചയിക്കുന്ന ഇടമായി വാർത്താപ്രാധാന്യം നേടുന്ന ഇക്കാലത്ത് മറന്നുപോകരുതാത്ത മറ്റൊരിടമാണ് കൽഹാത്ത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home