പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങളെയാണ് അപമാനിക്കുന്നത്. ഇതിനുള്ള മറുപടി ജനങ്ങൾ നിങ്ങൾക്ക് തരും: തോമസ് ഐസക്

തിരുവനന്തപുരം: ദേശീയ പാത കേന്ദ്ര സർക്കാരിന്റെ ചുമതലയിലാണ്. പക്ഷേ, കേരളത്തിലെ ദേശീയ പാത പണിയുന്നത് സംസ്ഥാന സർക്കാരിന്റെ കൂടി ധനസഹായത്തോടെയാണ്. 5,000 കോടി രൂപ കിഫ്‌ബി വഴി നൽകിയിട്ടുണ്ട്. കിഫ്ബിയുടെ കടം സംസ്ഥാന സർക്കാരിന്റെ കടമാണ് എന്ന് പറഞ്ഞു ബിജെപി സർക്കാർ വായ്പയിൽ നിന്ന് വെട്ടിക്കുറയ്ക്കുകയും ചെയ്തു. അങ്ങിനെ ഏതാണ്ട് 10,000 കോടിയുടെ ഭാരമാണ് ദേശീയപാത വികസനത്തിന് കേരളം ചുമക്കുന്നത് എന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു
ചുരുക്കത്തിൽ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒരു സംയുക്ത പ്രൊജക്റ്റാണ് ദേശീയ പാത - 66 ന്റെ വികസനം. അവിടെ ബിജെപിയുടെ പ്രസിഡന്റിന് എന്താണ് കാര്യം? തനിക്ക് അവകാശം ഇല്ലാത്തിടത്ത് മുഖ്യാതിഥിയായി വരുന്നു എന്നുമാത്രമല്ല. അദ്ദേഹം കൽപ്പിച്ചു നൽകുന്ന ഒരു ഔദാര്യം നോക്കിക്കേ “മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരുമകനെയും കുടുംബത്തെയും ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല.”
മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ആണ്. ദേശീയ പാത അടക്കമുള്ള കേരളത്തിലെ ഗതാഗത സൗകര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയാണ്. കേരളത്തിൽ ദേശീയ പാത ഉദ്ഘാടനം നടക്കുമ്പോൾ അവിടെ വേദിയിൽ ഇരിക്കുക അദ്ദേഹത്തിന്റെ അവകാശമാണ്.
മിസ്റ്റർ ചന്ദ്രശേഖരന് അവിടെ ഇരിക്കാൻ അവകാശം ഉണ്ടെങ്കിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിക്കും, കെപിസിസി പ്രസിഡന്റിനും അവിടെ ഇരിക്കാൻ അവകാശമുണ്ട്. അർഹതയില്ലാത്തിടത്ത് കയറിയിരിക്കുന്നത് നിങ്ങളാണ്. വിഴിഞ്ഞത്തും ഇരുന്ന് ഞെളിയുന്നത് കണ്ടു.
താങ്കൾ കേന്ദ്രത്തിന്റെ പ്രതിനിധിയല്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഒരു പ്രതിനിധിയാണ്. കേരളം ഡബിൾ എൻജിൻ സർക്കാരിന്റേത് അല്ല. അതിന്റെ ഔചിത്യവും മര്യാദയും എല്ലാം പാലിക്കണം. അത് രണ്ടും തൊട്ടുതീണ്ടിയിട്ടില്ലെന്ന് വ്യക്തം.
പ്രധാനമന്ത്രി സംസ്ഥാന സർക്കാരിനെ അല്ല സംസ്ഥാനത്തെ ജനങ്ങളെയാണ് കേരളത്തെയാണ് അപമാനിക്കുന്നത്. ഇതിനുള്ള മറുപടി വോട്ടിലൂടെ ജനങ്ങൾ നിങ്ങൾക്ക് തരും. അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു








0 comments