ഖമനേയിയുടെ കൊലപാതകം; കശ്മീരില്‍ പ്രതിഷേധവുമായി ഷിയാ മുസ്ലീങ്ങള്‍

കശ്മീരിലെ ശ്രീനഗറില്‍ ഷിയാ വിഭാഗക്കാര്‍ നടത്തിയ പ്രകടനം
ശ്രീനഗര്‍ : ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തെ തുടര്‍ന്ന്, കശ്മീരിലും പ്രതിഷേധം. ശ്രീനഗറിലും ബന്ദിപ്പോറിലുമടക്കം നിരവധി ഷിയാ മുസ്ലീങ്ങളാണ് ഇറാന്‍ പതാകയും ഖമനേയിയുടെ ചിത്രങ്ങളുമായി അണിനിരന്നത്.
1980 കളില്‍ ശ്രീനഗര്‍ സന്ദര്‍ശിച്ച ആയത്തുള്ള അലി ഖമനേയിയെ കശ്മീരിലെ ഷിയാ മുസ്ലീങ്ങള്‍ വളരെയധികം ആരാധിച്ചിരുന്നു. ഷിയകള്‍ രക്തസാക്ഷിത്വത്തെ ഭയക്കുന്നില്ല, ഖമനേയി തങ്ങള്‍ക്ക് വെറുമൊരു നേതാവല്ലെന്നും എല്ലാവര്‍ക്കും ഒരു മാതൃകയായിരുന്നുവെന്നുമുള്ള മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധം. നിരവധിയാളുകളുടെ മരണത്തിന് കാരണമായ വ്യോമാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയെയും ഇസ്രയേലിനെയും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.
ഇറാനില്‍ നടക്കുന്ന സംഭവങ്ങളെ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. രാജ്യത്ത് സമാധാനം പുലരണമെന്ന് അഭ്യര്‍ത്ഥിച്ച ഒമര്‍ അബ്ദുള്ള, എല്ലാ കമ്മ്യൂണിറ്റികളും ശാന്തരാകണമെന്നും ആക്രമണം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ് മുഫ്തിയും ഇറാനെതിരെയുള്ള ആക്രമണത്തെ വിമര്‍ശിച്ചു. 'ഇസ്രയേലില്‍ നിന്നും ഇറാന്‍ വീണ്ടുമൊരു ആക്രമണം നേരിട്ടിരിക്കുകയാണ്. ഒരു മിസൈലിനും ഒരു രാജ്യത്തിന്‍റെ പരമാധികാരത്തെയും ആത്മാവിനെയും തകര്‍ക്കാന്‍ കഴിയില്ല', മെഹബൂബ് മുഫ്തി എക്സില്‍ കുറിച്ചു.
ഇറാനില്‍ നടന്ന ആക്രമണത്തെത്തുര്‍ന്ന് ഡൽഹി, ലഖ്നൗ, ലഡാക്ക്, മഹാരാഷ്ട്ര തുടങ്ങി രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.








0 comments