'45 കിലോമീറ്റർ കാൽനട യാത്ര, വഴിയിൽ മൃതദേഹങ്ങൾ, ഇരുണ്ട തടവറ'... കുടിയിറക്കപ്പെട്ടവർക്ക് പറയാനുണ്ട് പേടിപ്പെടുത്തുന്ന കഥകൾ


ടി എസ് ശ്രുതി
Published on Feb 06, 2025, 05:25 PM | 3 min read
തെക്കേ അമേരിക്കയിലേക്കുള്ള ദീർഘദൂര വിമാനയാത്രകൾ, അക്രമാസക്തമായ കടൽ, ആടിയുലയുന്ന ബോട്ടുകളിലെ യാത്ര, ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയുള്ള കാൽനടയാത്ര, യുഎസ്- മെക്സിക്കോ അതിർത്തിയിലെ ഇരുണ്ട തടവറകൾ, അനധികൃത കുടിയേറ്റത്തിന്റെ പേരിൽ ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട കുടിയേറ്റക്കാർക്ക് പറയാനുണ്ട് പേടിപ്പെടുത്തുന്ന നിരവധി കഥകൾ.
ഏജന്റിന് 42 ലക്ഷം രൂപ നൽകി യുഎസിൽ വർക്ക് വിസ വാഗ്ദാനം ചെയ്തു. അവസാന നിമിഷം വിസ ലഭിച്ചില്ലെന്ന് പറഞ്ഞു. പിന്നീട് ഡൽഹിയിൽ നിന്ന് ഖത്തറിലേക്കും പിന്നീട് ബ്രസീലിലേക്കും തുടർച്ചയായി വിമാനങ്ങളിൽ കയറ്റി. അമേരിക്കയിലെത്തിയതിനു പിന്നിൽ ഹർവീന്ദർ സിങ് താണ്ടിയ പാതകൾ ദുർഘടം നിറഞ്ഞതായിരുന്നു. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ തഹ്‌ലി ഗ്രാമത്തിൽ നിന്നാണ് ഹർവീന്ദർ സിങ് അമേരിക്കയിൽ എത്തുന്നത്.
"പെറുവിൽ നിന്ന് ഒരു വിമാനത്തിൽ എന്നെ കയറ്റുമെന്ന് എന്നോട് പറഞ്ഞു. പക്ഷേ അത്തരമൊരു വിമാനം ഉണ്ടായിരുന്നില്ല. പിന്നീട് ടാക്സികളിൽ ഞങ്ങളെ കൊളംബിയയിലേക്കും പനാമയിലേക്കും കൊണ്ടുപോയി. അവിടെ നിന്ന്, ഒരു കപ്പലിൽ ഞങ്ങളെ കൊണ്ടുപോകുമെന്ന് പറഞ്ഞു, പക്ഷേ കപ്പലും ഉണ്ടായിരുന്നില്ല. രണ്ട് ദിവസം നീണ്ടുനിന്ന ഡോങ്കി റൂട്ട്‌സ് ആരംഭിച്ചത് ഇവിടെ നിന്നാണ്" ഹർവീന്ദർ സിങ് പറഞ്ഞു.
ഡോങ്കി റൂട്ട്‌സ്
ഒരു പർവത പാതയിലൂടെ നടന്നതിനുശേഷം ഹർവീന്ദർ സിങ്ങിനെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും ഒരു ചെറിയ ബോട്ടിൽ മെക്സിക്കോ അതിർത്തിയിലേക്ക് അയച്ചു. നാല് മണിക്കൂർ നീണ്ട കടൽ യാത്രയിൽ അവരെ വഹിച്ചുകൊണ്ടുപോയ ബോട്ട് മറിഞ്ഞു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരിൽ ഒരാൾ മരിച്ചു. മറ്റൊരാൾ പനാമ കാട്ടിൽ മരിച്ചു. അത്രയും കാലം വളരെ കുറച്ച് അരി മാത്രം കഴിച്ചാണ് ആ മനുഷ്യർ അതിജീവിച്ചത്.
ദാരാപൂർ ഗ്രാമത്തിലെ സുഖ്പാൽ സിങ്ങിനും പറയാനുള്ളത് സമാനമായ ഒരു കഥയാണ്. കടൽ മാർഗം 15 മണിക്കൂർ സഞ്ചരിച്ചും, ആഴമേറിയ താഴ്‌വരകളാൽ ചുറ്റപ്പെട്ട കുന്നുകളിലൂടെ 40-45 കിലോമീറ്റർ നടന്നുമായിരുന്നു സുഖ്‌പാലിന്റെ യാത്ര. "ആർക്കെങ്കിലും പരിക്കേറ്റാൽ അവരെ മരിക്കാൻ വിടുമായിരുന്നു. വഴിയിൽ നിരവധി മൃതദേഹങ്ങൾ ഞങ്ങൾ കണ്ടു. യുഎസിലേക്ക് അതിർത്തി കടക്കുന്നതിന് തൊട്ടുമുമ്പ് മെക്സിക്കോയിൽ വെച്ച് അറസ്റ്റ് ചെയ്തു. ഞങ്ങളെ 14 ദിവസത്തേക്ക് ഇരുണ്ട സെല്ലിൽ പാർപ്പിച്ചു. ഞങ്ങൾ ഒരിക്കലും സൂര്യനെ കണ്ടില്ല." സമാനമായ സാഹചര്യങ്ങളിൽ ആയിരക്കണക്കിന് പഞ്ചാബി ആൺകുട്ടികളും കുടുംബങ്ങളും കുട്ടികളുമുണ്ടായിരുന്നു അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ഒരു യുഎസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സറിൽ വന്നിറങ്ങി. ഡോണാൾഡ് ട്രംപ് സർക്കാർ നാടുകടത്തിയ ഇന്ത്യക്കാരുടെ ആദ്യ ബാച്ചാണിത്. ഇവരിൽ 33 പേർ വീതം ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരും 30 പേർ പഞ്ചാബിൽ നിന്നുള്ളവരും മൂന്ന് പേർ മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും രണ്ട് പേർ ചണ്ഡീഗഡിൽ നിന്നുള്ളവരുമാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. നാടുകടത്തപ്പെട്ടവരിൽ പത്തൊമ്പത് സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു, ഇതിൽ നാല് വയസ്സുള്ള ആൺകുട്ടിയും അഞ്ച്, ഏഴ് വയസ്സുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.
യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിക്കപ്പെട്ടിരുന്നുവെന്നും അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയതിനു ശേഷമാണ് വിലങ്ങ് അഴിച്ചുമാറ്റിയതെന്നും കുടിയിറക്കപ്പെട്ട ജസ്പാൽ സിങ് പറഞ്ഞു. നിയമപരമായ രീതിയിൽ യുഎസിലേക്ക് അയയ്ക്കുമെന്ന് ഒരു ട്രാവൽ ഏജന്റ് ജസ്പാൽ സിങ്ങിന് ഉറപ്പുനൽകിയിരുന്നു. 30 ലക്ഷം രൂപയാണ് അയാൾ ഇതിനായി ചോദിച്ചത്.
"ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന ഇത്തിരി സമ്പാദ്യവും ഏജന്റിന് നൽകിയത് മെച്ചപ്പെട്ട ഭാവി പ്രതീക്ഷിച്ചായിരുന്നു. പക്ഷേ ഏജന്റ് ഞങ്ങളെ വഞ്ചിച്ചു. ഇപ്പോൾ, എന്റെ ഭർത്താവിനെ നാടുകടത്തിയതു മാത്രമല്ല, ഞങ്ങൾക്ക് വലിയൊരു കടവും ബാക്കിയായിരിക്കുന്നു" നാടുകടത്തപ്പെട്ടവരിലൊരാളായ ഹർവീന്ദർ സിങ്ങിന്റെ ഭാര്യ കുൽജീന്ദർ കൗർ പിടിഐയോട് പറഞ്ഞു.
നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് അമേരിക്കയിലേക്ക് കുടിയേറിയ ആ മനുഷ്യർക്ക് പറയാനുള്ളത് ഇത്തരത്തിൽ യാതനയുടെ കഥകളാണ്.
2023 ഡിസംബർ 30 ന് ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ' ഡോങ്കി റൂട്‌സുകളെ'പ്പറ്റി വിശദമായി പറയുന്നുണ്ട്. യുഎസിലേക്കും കാനഡയിലേക്കും അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്ന ദുർഘടമായ പാതയാണിത്. എല്ലാ മാസവും ധാരാളം ഇന്ത്യക്കാർ ഈ പാതയിലൂടെ അമേരിക്കയിലേയ്ക്ക് കടക്കാൻ ശ്രമിക്കാറുണ്ട്. വിസ ചട്ടങ്ങൾ അത്ര ശക്തമല്ലാത്ത ഒന്നിലധികം രാജ്യങ്ങളിലൂടെ യാത്ര ചെയ്തു, വന്യമൃഗങ്ങളുള്ള ഇടതൂർന്ന വനങ്ങൾ, തണുത്തുറഞ്ഞ താപനിലയുള്ള മഞ്ഞ് മൂടിയ പ്രദേശങ്ങൾ, കുത്തൊഴുക്കുള്ള നദികൾ തുടങ്ങി ആത്യന്തികം അപകടകരമായ വഴികൾ താണ്ടി അവർ അമേരിക്കയിലോ, കാനഡയിലോ ഒക്കെ എത്തിപ്പെടുന്നു.
എങ്ങനെയും അമേരിക്കയിൽ എത്തണം എന്ന സ്വപനമാണ് ഡോങ്കി റൂട്‌സിന്റെ തുടക്കം. പഞ്ചാബിൽ നിന്നാണ് ഈ അമേരിക്കൻ സ്വപ്‌നത്തിന്റെ തുടക്കം. പഞ്ചാബികളും ഗുജറാത്തികളുമാണ് ഡോങ്കി റൂട്‌സ് വഴി ഏറ്റവും കൂടുതൽ അമേരിക്കയിലും കാനഡയിലും എത്തുന്നത്. ഗുജറാത്തിൽ നിന്നും മധ്യപ്രദേശിൽ നിന്നും ആളുകൾ ഇത്തരത്തിൽ പുറത്തുപോകുന്നതിന്റെ പ്രധാനകാരണം ദാരിദ്രം തന്നെയാണ്. ഇത്തരത്തിൽ പുതിയൊരുജീവിതം സ്വപ്നം കണ്ട് പോയ ഒരുകൂട്ടം മനുഷ്യരെയാണ് ട്രംപിന്റെ ഭരണകൂടം കൈകൾ ബന്ധിച്ച് സൈനീക വിമാനത്തിൽ തിരിച്ചയച്ചത്. നിസഹാരായ ഈ മനുഷ്യരെ നോക്കി പല്ലിളിച്ചുകാട്ടുകയാണ് കേന്ദ്രസർക്കാർ. മനുഷ്യത്വ രഹിതമായ അമേരിക്കൻ ഗവൺമെന്റിന്റെ ഈയൊരു ചെയ്‌തിക്കെതിരെ കേന്ദ്രസർക്കാർ യാതൊന്നും ചെയ്‌തില്ല എന്നുമാത്രമല്ല പകരം അമേരിക്കയെ ന്യായീകരിക്കുന്ന സമീപനമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
Related News

0 comments