ലോക മനുഷ്യസ്‌നേഹ ദിനം: മനുഷ്യത്വത്തിന്‌ വേണ്ടി നിലകൊള്ളാം

humanitarian day

photo credit: X

avatar
ടി എസ് ശ്രുതി

Published on Aug 19, 2024, 07:54 PM | 1 min read

ആഗസ്ത്‌ 19 ന് ലോക മനുഷ്യസ്‌നേഹ ദിനം ആചരിക്കുമ്പോൾ ലോകത്ത്‌ അടിച്ചമർത്തപ്പെടുകയും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്ന മനുഷ്യ സമൂഹത്തോട്‌ ഐക്യപ്പെടാൻ ആഹ്വാനം ചെയ്യുകയാണ്‌ ഐക്യരാഷ്ട്രസഭ.


യുഎൻ ഈ വർഷം മനുഷ്യസ്‌നേഹ ദിനത്തിൽ മന്നോട്ടു വെക്കുന്ന പ്രമേയം #ആക്ട്‌ ഫോർ ഹുമാനിറ്റി (#ActForHumanity) എന്നാണ്‌. അതായത്‌ മനുഷ്യത്വത്തിന്‌ വേണ്ടി പ്രവർത്തിക്കുക. എന്നാൽ മാസങ്ങളായി ലോകത്തിന്റെ പല കോണിൽ നിന്നും നാം കേൾക്കുന്നത്‌ നിസ്സഹായതയുടെ നിലവിളികളാണ്‌. 10 മാസം കൊണ്ട് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മാത്രം കൊല്ലപ്പെട്ടത്‌ 40,000 ത്തിലധികം പേരാണ്‌. അതിൽ കുട്ടികളുടെ എണ്ണം 17,000 കടന്നു. രണ്ട്‌ വയസിന്‌ താഴെയുള്ള 2,100 കുട്ടികളും ഇതിൽപ്പെടും. 92,401 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിൽ 250 ഓളം പേർ സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്‌. 2023 ൽ 33 രാജ്യങ്ങളിലായി 280 പേരാണ്‌ കൊല്ലപ്പെട്ടിരിക്കുന്നത്‌. അതിൽ മൂന്നു മാസത്തിനുള്ളിൽ 163 പേരാണ്‌ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടതെന്നാണ്‌ യുഎൻ കണക്കുകൾ പറയുന്നത്‌. ആഭ്യന്തര കലഹങ്ങളാൽ തകർന്ന ദക്ഷിണ സുഡാനിൽ 34 സന്നദ്ധ പ്രവർത്തകരും കൊല്ലപ്പെട്ടു.


ഇസ്രയേൽ, സിറിയ എന്നീ രാജ്യങ്ങളിൽ ഏഴ്‌ പേരും എത്യോപ്യയിലും ഉക്രെയിനിലും ആറ് പേരും സൊമാലിയയിൽ അഞ്ച് പേരും മ്യാൻമറിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും നാല് പേരുമാണ്‌ കൊല്ലപ്പെട്ടിരിക്കുന്നത്‌. യെമനിൽ നിരവധി സന്നദ്ധ പ്രവർത്തകർ തടവിൽ കഴിയുകയാണ്‌.


അന്താരാഷ്ട്ര മനുഷ്യസ്‌നേഹ ദിനത്തിന്റെ ചരിത്രം


2003 ആഗസ്ത്‌ 19ന്‌ ഇറാഖിലെ ബാഗ്ദാദില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ ആസ്ഥാനത്തിന് നേരെ ബോംബ് ആക്രമണമുണ്ടായി. കനാല്‍ ഹോട്ടല്‍ ബോംബാക്രമണമെന്ന്‌ അറിയപ്പെടുന്ന ഈ സംഭവത്തിൽ 21 യുഎന്‍ സന്നദ്ധ പ്രവര്‍ത്തകരും ഇറാഖിലെ അന്നത്തെ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന സെര്‍ജിയോ വിയറ ഡി മെല്ലോയും കൊല്ലപ്പെട്ടു. ജമാഅതു തൗഹീദി വല്‍ജിഹാദ് എന്ന സംഘടനയായിരുന്നു ആക്രമണത്തിന്‌ നേതൃത്വം നൽകിയിരുന്നത്‌. ഐക്യരാഷ്ട്രസഭ ഇറാഖില്‍ നടപ്പാക്കാനിരുന്ന പഞ്ചദിന സഹായ പ്രവര്‍ത്തനം തടയുന്നതിനായായിരുന്നു ആക്രമണം. ആക്രമണം നടന്ന്‌ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി (യുഎന്‍ജിഎ) ആഗസ്ത്‌ 19 ലോക മനുഷ്യസ്‌നേഹ ദിനമായി പ്രഖ്യാപിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home