കേരള വികസനം അതിവേഗം


ഫെബിൻ ജോഷി
Published on May 24, 2025, 12:52 AM | 4 min read
കേരളത്തിനുണ്ടായ മാറ്റം
● ഒമ്പതുവർഷത്തിനിടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലുണ്ടായത് വലിയ മാറ്റമാണ്. നിരന്തരം യാത്ര ചെയ്യുന്നൊരാൾ എന്ന നിലയിൽ അത് അടുത്തറിയാം. ഗ്രാമങ്ങളിൽവരെ മികച്ച റോഡും പാലവും വന്നു. കേരളംപോലെ സ്ഥല, സാമ്പത്തിക പരിമിതികളുള്ള സംസ്ഥാനം അതിന്റെ ഇച്ഛാശക്തികൊണ്ടാണ് പ്രതിസന്ധികളെ അതിജീവിച്ചത്. ഉന്നതനിലവാരത്തിലുള്ള റോഡും പാലവുമെല്ലാം കേരളത്തിന്റെ പ്രകൃതിഭംഗിയിൽ മനോഹര കാഴ്‌ചയാണ്. ഒമ്പതുവർഷത്തിനിടെ 90,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്‌ബി വഴിമാത്രം നടന്നത്. അതിൽ ബഹുഭൂരിഭാഗവും ചെലവഴിച്ചത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്. അതിൽത്തന്നെ വലിയ പ്രാധാന്യമാണ് റോഡുകൾക്കും പാലങ്ങൾക്കും ലഭിച്ചത്.
ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി എന്നിവയിലെല്ലാം ഭരണനേതൃത്വത്തിന്റെ മികവ് നമ്മൾ കണ്ടു. ദേശീയപാത നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. പണി പൂർത്തിയാകുന്നതോടെ വലിയ മാറ്റമുണ്ടാകും. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പുതിയ പാതയിലൂടെ യാത്ര ചെയ്‌തു. ഒത്തിരി അഭിമാനവും സന്തോഷവും തോന്നി. ഓരോ മലയാളിക്കും അതനുഭവിക്കാനാകും. കേരളത്തിലേതുപോലെ സ്ഥലപരിമിതിയുടെ പ്രശ്‌നം ഇല്ലാത്തതിനാൽ മറ്റു സംസ്ഥാനങ്ങളിൽ പലയിടത്തും ദേശീയപാതയുടെ വികസനം നേരത്തേ സാധ്യമായതാണ്. എന്നാൽ, ഗ്രാമീണ റോഡുകളുടെയും കരകളെയും മനുഷ്യരെയും ബന്ധിപ്പിക്കുന്ന പാലങ്ങളുടെയും കാര്യത്തിൽ അങ്ങനെയല്ല.
ഉന്നത നിലവാരത്തിലാണ് നമ്മുടെ ഗ്രാമീണ റോഡുകളും പാലങ്ങളുമെല്ലാം. 5580 കോടി ദേശീയപാതയ്‌ക്കായി ചെലവഴിച്ച ഒരേയൊരു സംസ്ഥാനമാണ് കേരളം. ചെറുതും വലുതുമായ നൂറ്റമ്പതോളം പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി. ഇതെല്ലാം കേരളത്തിൽനടന്ന വലിയ മാറ്റങ്ങളുടെ സാക്ഷ്യമാണ്.
3600 കോടിയോളം ചെലവഴിച്ച് നിർമിക്കുന്ന മലയോര ഹൈവേയും 6500 കോടിയോളം ചെലവിൽ തീരദേശ ഹൈവേയും 670 കോടിയുടെ എസി റോഡുമെല്ലാം മലയാളക്കരയുടെ മുഖച്ഛായ മാറ്റുന്നതിനൊപ്പം സഞ്ചാരികളെയും ആകർഷിക്കും. തീരദേശ–- മലയോര ജനതയുടെ ജീവിതം മാറ്റുന്നതായിരിക്കും ഈ പദ്ധതികൾ. അതോടൊപ്പം ദേശീയപാതയിലെ തിരക്കും കുറയ്‌ക്കും. പത്തുവർഷം മുമ്പ് സ്വപ്‌നം കാണാൻപോലും കഴിയാത്തതായിരുന്നു ഇതെല്ലാം.
അടിസ്ഥാന സൗകര്യവികസനം ടൂറിസത്തിന് എങ്ങനെ ഗുണം ചെയ്യും
●പുതിയ, മികച്ച കാഴ്‌ചകൾ എവിടെയെങ്കിലും കാണുമ്പോൾ ആദ്യം മനസ്സിലേക്ക് വരിക കേരളത്തിൽ ഇതുണ്ടായിരുന്നെങ്കിൽ എന്നാണ്. ഒരു സഞ്ചാരിയിൽ സ്ഥലത്തെക്കുറിച്ചുള്ള ആദ്യ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ റോഡുകൾക്ക് നിർണായക പങ്കുണ്ട്. വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലേക്കുള്ള യാത്രയിൽത്തന്നെ ആ സ്ഥലത്തെക്കുറിച്ചുള്ള ഏകദേശ ചിത്രം തെളിയും. കേരളത്തെപ്പോലെ ടൂറിസത്തിന്റെ അനന്തസാധ്യതകളിൽ ഭാവി കാണുന്ന നാടിന് ഏറ്റവും അത്യാവശ്യമെന്ന് തോന്നിയിട്ടുള്ളതും മെച്ചപ്പെട്ട ഗതാഗത സൗകര്യമാണ്.
ടൂറിസത്തിന്റെ കാര്യത്തിൽ യാത്ര സുഗമമായാൽ പകുതി വിജയിച്ചു. കേരളത്തിന് കൃത്രിമമായി ഒന്നുമുണ്ടാക്കേണ്ട കാര്യമില്ല. പ്രകൃതിയും സംസ്‌കാരവും കൈനിറയെ കനിഞ്ഞുനൽകിയ സംസ്ഥാനമാണ് നമ്മുടേത്. തൃശൂർ പൂരവും വള്ളംകളിയും പശ്ചിമഘട്ട മലനിരയും കായലുകളും ഇതിനെല്ലാമൊപ്പം വിദ്യാസമ്പത്തും മതനിരപേക്ഷമായി ജീവിക്കുന്ന ജനതയും. ഇന്ത്യയിൽത്തന്നെ മറ്റൊരിടത്തും ഇങ്ങനെയൊരു കൂടിച്ചേരൽ കാണാനാകില്ല.
ടൂറിസം കേന്ദ്രങ്ങളിലേക്ക് മികച്ച ഗതാഗത സംവിധാനം ഒരുക്കുക. അവിടെ വലിയ നിർമിതികൾക്ക് പകരം പ്രകൃതിയോട് ചേർന്നുനിൽക്കുന്ന തരത്തിൽ വൃത്തിയുള്ള റെസ്റ്റ് റൂമുകളടക്കം സംവിധാനമൊരുക്കുക. ഇക്കാര്യങ്ങളിലെല്ലാം വലിയമാറ്റത്തിന് കേരളം തുടക്കമിട്ടിട്ടുണ്ട്. വാഗമൺ റോഡും പൂപ്പാറ– -കുമളി റോഡുമെല്ലാം ആ ഗണത്തിൽപ്പെടുന്നതാണ്.
നിർമാണങ്ങളിലെ വ്യത്യസ്തത
● നിർമാണശൈലിയാൽ കൗതുകമാകുന്ന പല നിർമിതികളും ഇന്ന് നമുക്കുണ്ട്. ഭാവിയിൽ ടൂറിസം കേന്ദ്രമായി വികസിക്കാൻ കഴിയുന്ന തരത്തിലാണ് നമ്മുടെ ഇപ്പോഴത്തെ നിർമാണങ്ങൾ. ആലപ്പുഴയിൽത്തന്നെ പെരുമ്പളം പാലം, നാലുചിറപ്പാലം, പടഹാരം പാലം തുടങ്ങിയവ ഉദാഹരണങ്ങൾ. പെരുമ്പളത്ത് തലമുറകളുടെ സ്വപ്‌നമാണ് 100 കോടി ചെലവഴിച്ച് നിർമിക്കുന്ന പാലത്തിലൂടെ പൂവണിയുന്നത്. 10,000 മാത്രം ജനസംഖ്യയുള്ള ഗ്രാമത്തിന് കോടികൾ ചെലവിട്ട് പാലം എന്തിനെന്ന ചോദ്യത്തെ അവഗണിച്ചാണ് അനുമതി നൽകിയത്. സംസ്ഥാനത്തെ ആദ്യത്തെ പാത്ത്‌വേ പാലമാണ് പടഹാരം പാലം. ഇരുനിലകളുള്ള പാലത്തിൽ മുകളിൽ റോഡും താഴെ നടപ്പാതയുമാണ്.
പദ്ധതികൾ പൂർത്തിയാകുന്നതോടെ യൂറോപ്പിനും മറ്റും സമാനമായി പാലങ്ങൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങുന്ന തരത്തിലേക്ക് നമ്മളും മാറും. ആദ്യം പ്രദേശവാസികളാണ് വരുന്നതെങ്കിൽ പിന്നാലെ സഞ്ചാരികളും എത്തിത്തുടങ്ങും. ഇവ വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങൾ ഏറ്റെടുക്കണം. അക്കാര്യത്തിൽ രാജ്യത്ത് മികച്ചത് നമ്മളായിരിക്കുമ്പോഴും ഇനിയും ഒരുപാട് ദൂരം മൂന്നോട്ടുപോകാനുണ്ട്. പുറത്തെവിടെ ചെന്നാലും ഈ നിയമങ്ങളെല്ലാം അനുസരിക്കുന്ന മലയാളിയെ കാണാം. സർക്കാർ വലിയ ഇടപെടലാണ് നടത്തുന്നത്. ഹരിതകർമസേനയുടെ മാലിന്യശേഖരണമെല്ലാം പുതിയ കേരള മോഡലാണ്. ആ ശ്രദ്ധയും കരുതലുമെല്ലാം പൊതു ഇടങ്ങളിലേക്കുകൂടി മലയാളി വ്യാപിപ്പിക്കണം.
ജീവിതനിലവാരത്തെ എങ്ങനെ സ്വാധീനിക്കും
● നിലവിൽ കേരളം തുടരുന്ന വികസന മാതൃക സമഗ്രമാണ്. ആശുപത്രികളും സ്‌കൂളുകളും റോഡുകളുമടങ്ങുന്ന അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ചാണ് നാം മുന്നോട്ടുപോകുന്നത്. പ്രളയത്തെയും കോവിഡിനെയും അതിജീവിച്ചതും മികച്ച ക്ഷേമസംവിധാനവുമെല്ലാം കേരളത്തിന്റെ മാത്രമാണ്. പണ്ട് വയനാട്ടിലും വാഗമണ്ണിലുമെല്ലാം യാത്രചെയ്യുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. തകർന്ന ഇടുങ്ങിയ റോഡുകളിലൂടെ മണിക്കൂറുകൾ കൂടുതൽ യാത്രചെയ്‌ത് എത്തുമ്പോഴേക്കും തളർന്നുപോകുന്ന അവസ്ഥ. ഒരു ദിവസത്തെ വിശ്രമം കൂടിയേ തീരൂ എന്നനില. ഇന്നതിൽ വലിയ മാറ്റംവന്നു. റോഡുകളുടെ നിലവാരം ഉയർന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം.
അടിസ്ഥാനപരമായി മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ് വേഗത്തിലും സുഗമമായും യാത്ര ചെയ്യുകയെന്നത്. അതിന് പുതിയ പദ്ധതികൾ ആവശ്യമാണ്. ഇന്ന് പല രാജ്യങ്ങളിലും അതിവേഗ, സുരക്ഷിത പൊതുഗതാഗത സംവിധാനങ്ങൾ നിലവിൽവന്നു. നമുക്ക് വേണ്ടിമാത്രമല്ല, ഇനിവരുന്ന തലമുറയ്‌ക്ക് വേണ്ടിയും അത്തരം പദ്ധതികൾ കേരളത്തിലും നടപ്പാകണം. അനിവാര്യമായ പദ്ധതികൾ ഉടൻ നടപ്പാക്കുന്നതിലൂടെ സമൂഹത്തിന് എപ്പോഴും ഗുണമേയുണ്ടാകൂ. അത് വൈകുന്നത് യാത്രാദുരിതത്തിനും അനാവശ്യ പണച്ചെലവിലും കാരണമാകുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. നമ്മുടെയൊരു ‘നോ’ വരുംതലമുറയുടെ സഞ്ചാര സ്വാതന്ത്ര്യവും മെച്ചപ്പെട്ട ജീവിതവും നിഷേധിക്കുന്നത് ആകരുതല്ലോ.
കേരളത്തിന്റെ വികസനവേഗം
● അസാധ്യമെന്ന് കരുതിയതെല്ലാം യാഥാർഥ്യമാകുന്നതാണ് ഇന്നത്തെ കേരളത്തിന്റെ കാഴ്‌ച. കേരളത്തിന്റെ വികസനത്തെ തടയുന്ന നിരവധി ഘടകങ്ങളുണ്ടായിരുന്നു. സ്ഥലപരിമിതി അതിൽ ഏറ്റവും പ്രധാനവും. അതുകൊണ്ടുതന്നെ പദ്ധതി പ്രഖ്യാപിക്കുമ്പോൾമുതൽ എതിർപ്പുകൾ ഉയരും. ജനങ്ങളിൽ ആശങ്കയുയരും. ഭൂമിയേറ്റെടുക്കൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നമാകും. വികസനം വേണമെന്ന് ആഗ്രഹിക്കുമ്പോഴും ആശങ്കകളായിരുന്നു മനുഷ്യർക്ക്. ദേശീയപാത വികസനം ഒരിക്കലും സാധ്യമല്ലെന്ന് പ്രഖ്യാപിച്ച് ഓഫീസ് പൂട്ടിപ്പോയതാണ് ദേശീയപാത അതോറിറ്റി. ഒരു പതിറ്റാണ്ടിനുശേഷം അതല്ല കാഴ്‌ച. സ്ഥലം വിട്ടുകൊടുക്കാൻ സ്വമേധയ തയ്യാറാകുകയാണ് മലയാളികളിന്ന്. എതിർപ്പുകളെ അടിച്ചമർത്തിയും ജയിലിലടച്ചുമല്ല, ഭൂമി വിട്ടുനൽകുന്നവരെ ചേർത്തുപിടിച്ചാണ് സർക്കാർ ഈ മാറ്റം സാധ്യമാക്കിയത്. അവർക്ക് ന്യായമായ നഷ്‌ടപരിഹാരം നൽകി. പണത്തിനായി കാത്തുനിൽക്കേണ്ടെന്ന സ്ഥിതി വന്നതോടെ കാര്യങ്ങൾ മാറി. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുതിയ അനുഭവമായപ്പോൾ ദേശീയപാത വികസനത്തിലെ ഭൂമിയേറ്റെടുക്കുന്നതിലെ പ്രശ്‌നങ്ങൾ മാറി. ഇന്നിപ്പോൾ വികസന പദ്ധതികൾക്ക് ഭൂമി വിട്ടുകൊടുക്കാൻ എല്ലാവരും തയ്യാറാണ്. അതൊരു വലിയ ചുവടുവയ്‌പാണ്. ഇനി വികസനത്തിന് വേഗം ലഭിക്കും. വൈകിയാണ് തുടങ്ങിയതെങ്കിലും അതിവേഗമാണ് നാടിന്റെ കുതിപ്പ്. അത് തുടരണം.
0 comments