11 November Monday

കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ സഞ്ജു വി സാംസൺ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

തിരുവനന്തപുരം > കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ ഇന്ത്യൻ താരവും ലീഗിന്റെ ഐക്കണുമായ സഞ്ജു വി സാംസൺ പ്രകാശനം ചെയ്തു. ചടങ്ങിൽ ശനിയാഴ്‌ച നടക്കാനിരിക്കുന്ന താരലേലത്തിന്റെ ഭാഗമായുള്ള മോക്‌ ഓക്ഷനും നടന്നു. സെപ്റ്റംബർ രണ്ടു മുതൽ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് മത്സരങ്ങൾ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളുണ്ടാകും. കേരള ക്രിക്കറ്റ് ലീഗിന്റെ ഒഫിഷ്യൽ ലോഞ്ചിംഗ് ആഗസ്‌ത്‌ 31ന് ലീഗ് ബ്രാൻഡ് അംബാസിഡർ മോഹൻലാലാണ്‌ നിർവഹിക്കുന്നത്‌.

കളിക്കാരുടെ ലേലത്തിലേക്ക് 168 കളിക്കാരെയാണ് ക്രിക്കറ്റ് അസോസിയേഷൻ കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ നിന്ന് 20 കളിക്കാരെ വീതം ഓരോ ടീം ഫ്രാഞ്ചൈസികളും ലേലത്തിലൂടെ കണ്ടെത്തും. മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം. ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരാണ് ഉയർന്ന തുകയുള്ള ‘എ’ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ടു ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. സി കെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്‌സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവർ ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലം വരുന്ന ‘ബി’ വിഭാഗത്തിൽ ഉൾപ്പെടും. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമാണ് ‘സി’ വിഭാഗം. അൻപതിനായിരം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. സ്റ്റാർ സ്പോർട്സ് ത്രീയിലും ഒടിടി പ്ലാറ്റ്ഫോമായ ഫാൻ കോഡിലും ലേലം തൽസമയം സംപ്രേഷണം ചെയ്യും.

പി എ അബ്ദുൾ ബാസിത് ട്രിവാൻഡ്രം റോയൽസിന്റെയും സച്ചിൻ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെയും മുഹമ്മദ് അസറുദ്ദീൻ ആലപ്പി റിപ്പിൾസിന്റെയും ബേസിൽ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂർ ടൈറ്റൻസിന്റെയും റോഹൻ എസ് കുന്നമ്മൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിന്റെയും ഐക്കൺ കളിക്കാരായി നേരത്തേതന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വയനാട് ദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം ക്രിക്കറ്റ് മേഖലയിലെ പ്രമുഖരിൽ നിന്ന് പരമാവധി സഹായം വയനാട്ടിലെ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ അസോസിയേഷൻ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

 സഞ്ജു സാംസണെ കൂടാതെ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, ട്രഷറർ കെ.എം. അബ്ദുൾ റഹിമാൻ, കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, ഗവേണിംഗ് കൗൺസിൽ അംഗം പി.ജെ. നവാസ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സിഎഫ്ഒയും ഇന്ററിം സിഇഒയുമായ മിനു ചിദംബരം എന്നിവരും പരിപാടിയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top