ad
Deshabhimani

നിലപാട്‌ മാറ്റി കേന്ദ്രം: 124 എ വകുപ്പ്‌ പുനഃപരിശോധിക്കാമെന്ന്‌ സത്യവാങ്ങ്‌മൂലം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 09, 2022, 06:08 PM | 0 min read

ന്യൂഡൽഹി> രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കുന്ന 124 എ വകുപ്പ്‌ സംബന്ധിച്ച നിലപാട്‌ മാറ്റി കേന്ദ്രസർക്കാർ. വകുപ്പ്‌ പുനഃപരിശോധിക്കാൻ തയ്യാറാണെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്ങ്‌മൂലത്തിൽ പറഞ്ഞു. ബന്ധപ്പെട്ട അധികൃതർ  ഈ വിഷയത്തിൽ  ഉചിതമായ തീരുമാനം എടുക്കുന്നത്‌ വരെ  124 എ വകുപ്പിന്റെ നിയമസാധുത പരിശോധിക്കുന്നതിൽ നിന്നും സുപ്രീംകോടതി വിട്ടുനിൽക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. നേരത്തെ, രാജ്യദ്രോഹക്കുറ്റം ശരിവെച്ച കേദാർനാഥ്‌സിങ്ങ്‌ കേസിലെ (1962) സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന നിലപാടാണ്‌ കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്‌.

രാജ്യം സ്വാതന്ത്രത്തിന്റെ 75ാം വാർഷികം ആചരിക്കുന്ന അവസരത്തിൽ കൊളോണിയൽ കാലഘട്ടത്തിന്റെ ബാക്കിപത്രമായ നിരവധി നിയമങ്ങളും നടപടിക്രമങ്ങളും ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 2014–-2015 മുതൽ ഏകദേശം 1,500 ഓളം പഴഞ്ചൻ നിയമങ്ങൾ റദ്ദാക്കി. സാധാരണക്കാർക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്ടിച്ചിരുന്ന നിരവധി നടപടിക്രമങ്ങൾ ഒഴിവാക്കി. തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയയുടെ ഭാഗമായി രാജ്യദ്രോഹം കുറ്റകരമാക്കുന്ന വകുപ്പിന്റെ നിയമസാധുതയും പരിശോധിക്കും. 124 വകുപ്പിനെ കുറിച്ച്‌ പൊതുസമൂഹത്തിൽ വ്യത്യസ്‌ത അഭിപ്രായങ്ങളാണുള്ളത്‌. മനുഷ്യാവകാശങ്ങൾക്കും പൗരസ്വാതന്ത്രത്തിനും എതിരാണ്‌ വകുപ്പിലെ വ്യവസ്ഥകളെന്ന ആക്ഷേപമുണ്ട്‌.

അതേസമയം, രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിർത്താൻ സർക്കാരിന്‌ ബാധ്യതയുണ്ട്‌. ഈ സാഹചര്യത്തിൽ, എല്ലാവശങ്ങളും പരിശോധിച്ച ശേഷം ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ തീരുമാനമെടുക്കും. അതുവരെ, വകുപ്പിന്റെ നിയമസാധുത സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതിൽ നിന്നും കോടതി വിട്ടുനിൽക്കണം–- കേന്ദ്രസർക്കാർ സത്യവാങ്ങ്‌മൂലത്തിൽ പറഞ്ഞു. രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത ശരിവെച്ച വിധി വിശാലബെഞ്ചിന്റെ പുനഃപരിശോധനയ്‌ക്ക്‌ വിടണോയെന്ന കാര്യത്തിൽ ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ച്‌ വിശദവാദം കേൾക്കാനിരിക്കുന്ന അവസരത്തിലാണ്‌ കേന്ദ്രസർക്കാർ പുതിയ നിലപാടുമായി രംഗത്തെത്തിയിട്ടുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home