സർക്കാർ പരിപാടികളിൽ 'തമിഴ് തായ് വാഴ്ത്ത്' ആദ്യം; പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ

ചെന്നൈ: സർക്കാർ പരിപാടികളിൽ 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലപിക്കണമെന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കി തമിഴ്നാട് നിയമസഭ. ദേശീയ ഗീതമായ 'വന്ദേ മാതരം' ആദ്യം ആലപിക്കണമെന്ന് കേന്ദ്രം കർശന നിർദേശങ്ങൾ നൽകിയതിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. തമിഴ് ഗാനത്തിന് മുൻതൂക്കം നൽകണമെന്ന പ്രമേയത്തെ ഡിഎംകെയും എഐഎഡിഎംകെയും പിന്തുണച്ചു. പ്രമേയം പാസാക്കിയതായും അത് നടപ്പിലാക്കാൻ മറ്റ് അനുമതികൾ ആവശ്യമില്ലെന്നും സ്പീക്കർ ജെസിഡി പ്രഭാകർ പ്രഖ്യാപിച്ചു.
'സംസ്ഥാനത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴ് ഒരു ഭാഷ മാത്രമല്ല, അത് നമ്മുടെ ജീവരേഖയാണ്, നമ്മുടെ വികാരമാണ്. തമിഴ് അഭിമാനവും ശക്തിയുമാണ്' - വിജയ് നിയമസഭയിൽ പറഞ്ഞു. തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പരിപാടികളുടെ തുടക്കത്തിൽ ആദ്യം 'തമിഴ് തായ് വാഴ്ത്ത്' പാടണം എന്ന പ്രമേയമാണ് ഇന്ന് സഭയിൽ പാസാക്കിയത്.
കഴിഞ്ഞ ജനുവരിയിലാണ് സർക്കാർ പരിപാടികളിൽ 'വന്ദേമാതരം' ആദ്യം ആലപിക്കണമെന്ന നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. അത് കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശവും നൽകിയിരുന്നു. നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വിജയ് 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കാൻ വിസമ്മതിച്ചു എന്ന തരത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെ സഭയുടെ പരമാധികാരവും തമിഴ് സംസ്‌കാരത്തിന്റെ ഔദ്യോഗികതയും ഉയർത്തിപ്പിടിക്കാൻ സഭാ സമ്മേളനങ്ങൾ ആരംഭിക്കുന്നതിന് മുമ്പായി 'തമിഴ് തായ് വാഴ്ത്ത്' പാടിയിരുന്നു.









0 comments