ജാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: ജെപിഎസ്‌സി മുൻ ചെയർമാൻ എൽ ഖിയാങ്‌ടെ അറസ്റ്റിൽ

റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെപിഎസ്‌സി) മുൻ ചെയർമാൻ എൽ ഖിയാങ്‌ടെ അറസ്റ്റിൽ. ജെപിഎസ്‌സി നടത്തിയ 14ാമത് സിവിൽ സർവീസസ് പരീക്ഷ ക്രമക്കേടുകളിലാണ് സിഐഡി അറസ്റ്റ്. ജാർഖണ്ഡിന്റെ മുൻ ചീഫ് സെക്രട്ടറികൂടിയായിരുന്നു ഖിയാങ്‌ടെ. പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് ജൂലൈ 22ന് അദ്ദേഹം ജെപിഎസ്‌സി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. നിരവധി തവണ ചോദ്യം ചെയ്യൽ നേരിട്ടതിന് ശേഷമാണ് അറസ്റ്റ്.ഖിയാങ്ടെയുടെ അറസ്റ്റോടെ വിദ്യാർഥി പ്രക്ഷോഭം വിജയത്തിലേക്കെത്തുന്നതിന്റെ ആദ്യ സൂചനകൾ കൂടിയായി
അതേസമയം, ജെപിഎസ്‍സി പരിക്ഷാക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് മൂന്ന് ജാഖണ്ഡ് പബ്ലിക് സർവീസ് കമീഷൻ അംഗങ്ങൾ ഞായറാഴ്ച രാജിവച്ചിരുന്നു.. ഡോ. അജിത ഭട്ടാചാര്യ, ഡോ. അനിമ ഹൻസ്ഡ, ഡോ. ജമാൽ അഹമ്മദ് എന്നിവരാണ് രാജി സമർപ്പിച്ചത്. പരീക്ഷാക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ജാർഖണ്ഡ് സർക്കാരും വിദ്യാർത്ഥി സംഘടനകളും തമ്മിൽ രണ്ട് റൗണ്ട് ചർച്ചകൾ പരാജയപ്പെട്ടു.
ഞായറാഴ്‌ച നടത്തിയ ആറാം വട്ട ചർച്ചയിൽ 14-ാമത് ജെപിഎസ്‌സി പരീക്ഷ റദ്ദാക്കുന്ന ഉൾപ്പെടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ സിബിഐ അന്വേഷണം സാധ്യമല്ലെന്ന് സർക്കാർ അറിയിച്ചു. എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് വിദ്യാർഥി സംഘടനകൾ അറിയിച്ചു.
പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരം തുടരുന്ന ഉദ്യോഗാര്‍ഥികൾ നിയമസഭാ മാര്‍ച്ച് നടത്തി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നാണ് യുവജന മുന്നേറ്റം. മാര്‍ച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. സമരം 17 ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിച്ചത്. ദേശീയപതാകയും പൂക്കളും കൈകളിലേന്തിയാണ് വിദ്യാര്‍ഥികൾ സമര രംഗത്ത് ഒരുമിച്ചത്.
ഉദ്യോഗാര്‍ഥികൾക്ക് പിന്തുണ നല്‍കി കൊണ്ട് നിരവധി വിദ്യാര്‍ഥികളും ജാര്‍ഖണ്ഡിലേയ്ക്ക് എത്തിച്ചേരുന്നുണ്ട്. പോരാടുന്ന വിദ്യാര്‍ഥികള്‍ക്ക് സിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂട്ടമായി സമരവേദിയില്‍ നേരിടെത്തി ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. സിജെപി നേതാവ് അഭിജീത് ദീപ്കെയും പിന്തുണ അറിയിച്ചു. സമരവേദിയിലേയ്ക്ക് എത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments