"വ്യാജവാർത്ത" എന്ന് പ്രതികരണം; ഇറാൻ ഉപരോധത്തിൽ ഇളവ് നൽകിയെന്ന വാർത്ത തള്ളി ട്രംപ്

വാഷിങ്ടൺ: ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകാനും അമേരിക്ക തയ്യാറായെന്ന മാധ്യമറിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാർത്ത പൂർണമായും തെറ്റാണെന്ന് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ റിപ്പോർട്ട് നിഷേധിച്ചത്.
"ഞാൻ അവർക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല! ഇത് തികച്ചും വ്യാജവാർത്തയാണ് (HOAX)" എന്ന് വ്യക്തമാക്കിയ ട്രംപ്, വാർത്ത തിരുത്താൻ മാധ്യമങ്ങളോടും ആവശ്യപ്പെട്ടു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനങ്ങൾ എടുത്താൽ ഉപരോധങ്ങളിൽ ഇളവ് നൽകാനും സാമ്പത്തിക ഫണ്ടുകൾ ലഭ്യമാക്കാനും ട്രംപ് സന്നദ്ധനായെന്നായിരുന്നു അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ന്യൂയോർക്കിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഖത്തർ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. അതേസമയം വാഷിംഗ്ടണുമായി നിലവിൽ മറ്റ് നേരിട്ടുള്ള ചർച്ചകൾക്കൊന്നും തീരുമാനമായിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു.








0 comments