Deshabhimani

ചോദ്യപേപ്പർ ചോർച്ചാ ഭീതി: 3 പ്രധാന പരീക്ഷകൾ മാറ്റിവെച്ച് മഹാരാഷ്ട്ര പിഎസ്‍സി

exam writing
വെബ് ഡെസ്ക്

Published on Sep 29, 2026, 08:28 AM | 1 min read

മുംബൈ: മൂന്ന് പ്രധാന പരീക്ഷകൾ മാറ്റിവെച്ച് മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 2026-ലെ സ്റ്റേറ്റ് സർവീസസ് മെയിൻ പരീക്ഷ, മഹാരാഷ്ട്ര സിവിൽ എൻജിനീയറിങ് സർവീസസ്, മഹാരാഷ്ട്ര ഗ്രൂപ്പ്-ബി (നോൺ ഗസറ്റഡ്) എന്നീ പരീക്ഷകളാണ് മാറ്റിവെച്ചത്.


മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. നിലവിലെ ചോദ്യപേപ്പറുകൾ റദ്ദാക്കി പുതിയവ തയ്യാറാക്കുമോ എന്ന കാര്യത്തിൽ കമ്മീഷൻ വ്യക്തത വരുത്തിയിട്ടില്ല. ഒക്ടോബർ 3 മുതൽ നവംബർ 1 വരെ നടത്താനിരുന്നതായിരുന്നു സ്റ്റേറ്റ് സർവീസസ് മെയിൻ പരീക്ഷ.


നേരത്തെ നടന്ന എംപിഎസ്‍സി ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. എംപിഎസ്‍സി ചെയർമാൻ വിവേക് ഭീമൻവാർ, കമ്മീഷൻ സെക്രട്ടറി എന്നിവരുടെ രാജിയും പരീക്ഷാ നടത്തിപ്പിൽ സുതാര്യതയും ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികളും വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർച്ച നടക്കുമ്പോൾ താൻ സ്ഥാനമേറ്റെടുത്തിരുന്നില്ലെന്ന് വ്യക്തമാക്കി വിവേക് ഭീമൻവാർ രാജി ആവശ്യങ്ങൾ തള്ളി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home