Deshabhimani

ഒരേ പൊളി

എറണാകുളത്തിന്റെ സൂപ്പര്‍ കം ബാക്ക്

Revenue District Arts Festival

എച്ച്എസ് ഒപ്പന (ജമാഅത്തെ 
എച്ച്എസ്എസ് തണ്ടേക്കാട്)

വെബ് ഡെസ്ക്

Published on Nov 27, 2026, 03:51 AM | 2 min read

കോലഞ്ചേരി


മത്സരാവേശം, വെയിൽച്ചൂട്‌, മഴയുടെ താണ്ഡവം, പ്രതിഷേധത്തീ. റവന്യൂ ജില്ലാ കലോത്സവത്തിന്റെ മൂന്നാംദിനം സംഭവബഹുലം. വെയിലും നീണ്ട കാത്തിരിപ്പും കാരണം നാല്‌ വിദ്യാർഥികൾ തലചുറ്റിവീണു. ബാൻഡ് മേളം, ഒപ്പന എന്നീ മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ കുട്ടികളാണ് മത്സരശേഷം അവശരായി വീണത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കുശേഷം പെയ്തിറങ്ങിയ മഴ കഥകളി വേദി കുളമാക്കി. വേദിയിലും സദസ്സിലും മഴവെള്ളം വീണതിനെത്തുടർന്ന് മത്സരം നിര്‍ത്തേണ്ടിവന്നു. പോയിന്റ് പട്ടികയിലും കളിമാറി.


മൂന്നാംദിനം ഒന്നാം സ്ഥാനത്തേക്ക് എറണാകുളം ഉപജില്ലയുടെ 'സൂപ്പര്‍ കം ബാക്ക്'. 689 പോയിന്റോടെയാണ് എറണാകുളത്തിന്റെ തേരോട്ടം. ആദ്യ രണ്ടുദിനം ഒന്നാമതായിരുന്ന ആലുവ 646 പോയിന്റോടെ രണ്ടാമതായി. 634 പോയിന്റോടെ നോർത്ത് പറവൂരാണ് മൂന്നാമത്. സ്കൂളുകളില്‍ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് തിരിച്ചുവന്നു–252 പോയിന്റോടെ ഒന്നാമത്. 197 പോയിന്റോടെ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസ് രണ്ടാമതായി. എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്എസ്എസാണ് മൂന്നാമത് –164 പോയിന്റ്. മൂന്നു ദിനങ്ങളിലായി 55 അപ്പീലുകളും കമ്മിറ്റിക്ക് മുന്നിലെത്തി.


ഇശൽ പെരുമയില്‍ 
തണ്ടേക്കാട്


ഒപ്പനയുടെ മൈലാഞ്ചി മൊഞ്ചും ദഫ് മുട്ടിന്റെ ഗംഭീര താളവും ഒത്തുചേർന്നപ്പോൾ കലോത്സവ നഗരി മാപ്പിള സംസ്കാരത്തിന്റെ ഉത്സവപ്പൂരമായി. മാപ്പിളപ്പാട്ടിന്റെ മധുരമാർന്ന ഇശലുകൾക്കൊപ്പം കൈകൊട്ടിന്റെ താളവും ചടുലമായ ചുവടുകളും കാണികൾ കയ്യടികളോടെ സ്വീകരിച്ചു. മാപ്പിളകലകളിൽ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ ആധിപത്യം ഉറപ്പിച്ചു. ഹൈസ്കൂൾ വിഭാഗം ഒപ്പന, ദഫ്മുട്ട് എന്നീ മത്സരങ്ങളിലാണ് തണ്ടേക്കാടിന്റെ കുട്ടികൾ ഒന്നാമതെത്തിയത്. 15–ാം തവണയാണ് സ്കൂൾ ദഫിൽ ഒന്നാമതെത്തുന്നത്. ഒപ്പനയിൽ രണ്ടാം തവണയും. അഷ്റഫ് പാലക്കാടാണ് ഒപ്പന ടീമിന്റെ പരിശീലകന്‍. കോൽക്കളിയിലും സ്കൂൾ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയിരുന്നു.


വട്ടപ്പാട്ടില്‍ 
എസ്എന്‍വി


പതിനാലാം അങ്കത്തിൽ കാത്തിരിപ്പിന് ഫുൾസ്റ്റോപ്പിട്ട് എസ്എന്‍വി എച്ച്എസ്എസ് നോര്‍ത്ത് പറവൂര്‍. വട്ടപ്പാട്ടില്‍ കഴിഞ്ഞ 13 തവണയും കൈവിട്ട ഒന്നാംസ്ഥാനം ഇത്തവണ പോക്കറ്റിലാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് നേട്ടം. മുമ്പ് മൂന്നുതവണ അപ്പീലോടെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. ഒന്നാംസ്ഥാനത്തോടെ സംസ്ഥാന യോഗ്യതയെന്ന സ്കൂളിന്റെ സ്വപ്നമാണ് കോലഞ്ചേരിയില്‍ യാഥാര്‍ഥ്യമായത്. കലാകാരൻ ഗഫൂര്‍ അണ്ടത്തോടിന്റെ ശിക്ഷണത്തിലാണ് വിദ്യാര്‍ഥികള്‍ മത്സരവേദിയില്‍ എത്തിയത്. നജാദ് വെണ്‍മനാട് സഹപരിശീലകനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home