Deshabhimani

എഐ കാമറയിൽ കുടുങ്ങി; 49 തവണ നിയമലംഘനം, സ്‌കൂട്ടറിന്‌ കാൽലക്ഷം പിഴ

ai
വെബ് ഡെസ്ക്

Published on Sep 29, 2026, 07:59 AM | 1 min read

കാക്കനാട്: സ്കൂട്ടർ വിറ്റാൽ കിട്ടുന്ന വിലയേക്കാൾ ഇരട്ടിത്തുക പിഴയടയ്ക്കേണ്ട അവസ്ഥയിൽ അങ്കമാലി സ്വദേശിയായ യുവാവ്. മോട്ടോർ വാഹനവകുപ്പിന്റെ എഐ കാമറയിൽ 49 തവണ നിയമലംഘനം കണ്ടെത്തിയതോടെയാണ് യുവാവിന് വൻതുക പിഴയായത്. ​ജനുവരിമുതൽ മാർച്ചുവരെയാണ് നിയമലംഘനങ്ങൾ കാമറയിൽ പതിഞ്ഞത്. ഇതിൽ 44 തവണയും ഹെൽമെറ്റ് ധരിക്കാത്തതിനാണ് 500 രൂപവീതം പിഴ ചുമത്തിയത്. ബൈക്കിൽ മൂന്നുപേർ ഹെൽമെറ്റില്ലാതെ യാത്രചെയ്ത സംഭവങ്ങളുമുണ്ട്. ഇതിന് യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് പിഴയും മൂന്നുപേരെ കയറ്റിയതിനുള്ള അധികപിഴയും ഉൾപ്പെടെ തുക വർധിച്ചു. ​


സ്കൂട്ടർ ഭാര്യയുടെ പേരിലുള്ളതാണ്. ഭാര്യ വിദേശത്തായതിനാൽ മൊബൈൽ ഫോണിലെത്തിയ പിഴസന്ദേശങ്ങൾ ശ്രദ്ധിക്കാതെപോയതാണ് ഇത്രയും തുക കുടിശ്ശികയാകാൻ കാരണമെന്നാണ് യുവാവിന്റെ വിശദീകരണം. ​പതിനഞ്ച്‌ വർഷം പഴക്കമുള്ള സ്കൂട്ടർ വിറ്റാൽ 15,000 രൂപയിൽ കൂടുതൽ ലഭിക്കില്ലെന്നും അതിനേക്കാൾ ഉയർന്ന തുകയാണ് പിഴയായതെന്നും യുവാവ് പറഞ്ഞു. സ്ഥലക്കച്ചവടക്കാരനായതിനാൽ ആളുകളുമായി നിരന്തരം സ്കൂട്ടറിൽ യാത്ര ചെയ്യുമായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു.


​പിഴയിൽ ഇളവ് ആവശ്യപ്പെട്ടാണ് യുവാവ് മോട്ടോർവാഹന എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയത്. നിലവിൽ ഇളവ് അനുവദിക്കാനാകില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി വരുന്നതുവരെ കാത്തിരിക്കണമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിർദേശം. ​അതിനിടെ, എഐ കാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നവും തുടരുകയാണ്. കൺട്രോൾ റൂം സർവറിൽ ദൃശ്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ജീവനക്കാർക്ക് അവ എടുക്കുന്നതിനുള്ള ഉപകരണം പ്രവർത്തനരഹിതമാണെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home