Deshabhimani

'ചിലരിൽ നിന്ന്' രക്ഷപ്പെടാൻ സഹായം വേണമെന്ന് മകൾ പറഞ്ഞതായി കുടുംബം; യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം

DOCTOR DEATH IN ASSAM
വെബ് ഡെസ്ക്

Published on Sep 29, 2026, 07:40 AM | 1 min read

ഗുവാഹത്തി: ഹോംസ്റ്റേയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം കൊലപാതകമാണെന്ന നി​ഗമനത്തിൽ പൊലീസ്. ഗുവാഹത്തിയിലെ ധാരാപൂരിലുള്ള ഹോംസ്റ്റേയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നതായി വെസ്റ്റ് ഗുവാഹത്തി ഡിസിപി ബോളിൻ ഡിയോറി വ്യക്തമാക്കി.


ആവശ്യമായ രേഖകളോ തെളിവുകളോ പരിശോധിക്കാതെയാണ് യുവതിയെയും ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെയും ഹോംസ്റ്റേയിൽ താമസിക്കാൻ അനുവദിച്ചതെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. രജിസ്റ്ററുകളും രേഖകളും കൃത്യമായി സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് പ്രത്യേകമായി അന്വേഷിക്കും.


സംഭവ ദിവസം രാത്രി യുവതിയും ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തും തമ്മിൽ വാക്കുതർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. പുലർച്ചെ ഏകദേശം 2 മണിയോടെ യുവതി അമ്മയെ ഫോണിൽ വിളിച്ച് സംഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.


യുവതിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം കൊലപാതക സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് വരികയാണെന്നും ഡിസിപി പറഞ്ഞു. ഹോംസ്റ്റേയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ച് വരികയാണ്. "ചിലരിൽ നിന്ന്" തനിക്ക് രക്ഷപ്പെടാൻ സഹായം വേണമെന്ന് മകൾ ഫോണിലൂടെ പറഞ്ഞതായി കുടുംബം ആരോപിച്ചു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.


സംഭവത്തിൽ കേസെടുത്ത പൊലീസ് യുവതിയുടെ ആൺസുഹൃത്തിനെ കോടതിയിൽ ഹാജരാക്കി. ഇയാളെ 8 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി. ഹോംസ്റ്റേയിലുണ്ടായിരുന്ന മറ്റുള്ളവരെയും ചോദ്യം ചെയ്തു വരികയാണ്. ആൺസുഹൃത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്.


അതിഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ ഹോംസ്റ്റേ അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി. നിയമലംഘനം സ്ഥിരീകരിച്ചാൽ കർശന നടപടിയെടുക്കുമെന്നും അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home