യുഡിഎഫ് സർക്കാരിന്‍റെ ആർഎസ്‌എസ് പാദസേവ; 84 ദിവസം, 16 ഉദാഹരണങ്ങള്‍


റഷീദ് ആനപ്പുറം
Published on Aug 10, 2026, 02:17 PM | 2 min read
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ഇന്നേക്ക് 84 ദിവസം. ഇതിനിടെ ആർഎസ്‌എസിന് പാദസേവ നടത്തിയത് 16 തവണ. രാജ്യത്ത് ആർഎസ്‌എസ് മുന്നോട്ടുവച്ച എല്ലാ അജണ്ടകളും കേരളത്തിൽ നടപ്പാക്കുന്നതിനുള്ള മുഖ്യ ഏജന്‍സിയായി യുഡിഎഫ് സർക്കാർ മാറി. വി ഡി സതീശനാണ് പുറമേക്ക് സർക്കാരിനെ നയിക്കുന്നതെങ്കിലും പിൻസീറ്റ് ഡ്രൈവിങ് ആർഎസ്‌എസാണ്, നടപ്പാക്കുന്നത് അവരുടെ അണ്ടകളും.
അധികാരത്തിലെത്തിയ നാൾ മുതൽ തുടങ്ങിയ ഇൗ സംഘപരിവാർ പാദസേവ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിലേൽപിച്ച മുറിവ് വളരെ വലുതാണ്. സത്യപ്രതിഞ്ജാ ചടങ്ങിൽ ആർഎസ്‌എസ് പദ്ധതിയായ വന്ദേമാതരം പൂർണമായി ആലപിക്കൽ മുതൽ സ്വാതന്ത്ര്യദിനത്തിൽ ഇൗ ഗാനം പൂർണമായി പാടുന്നതിനുള്ള സർക്കാർ ഉത്തരവിലെത്തി നിൽക്കുന്നു ആർഎസ്‌എസ് പാദസേവ. തെരഞ്ഞെടുപ്പിനുമുമ്പ് രൂപപ്പെടുത്തിയ ആർഎസ്‌എസ് - യുഡിഎഫ് ഡീലാണ് സംസ്ഥാന സർക്കാരിന്റെ ഓരോ പ്രവൃത്തിയിലും കേരളം കാണുന്നത്. കോൺഗ്രസിനൊപ്പം ന്യൂനപക്ഷ സംരക്ഷണ കുപ്പായമണിഞ്ഞ മുസ്ലിംലീഗും കാവിവൽക്കരണത്തിന് മുമ്പിലുണ്ട്.
ആർഎസ്‌എസ് അജണ്ടകളെ എല്ലാ തലത്തിലും ചെറുത്ത പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷമാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. എന്നാൽ കേരളത്തിന്റെ പ്രതിരോധകോട്ട തകർത്ത് എല്ലാ തലത്തിലും സംഘപരിവാർ അജണ്ട അതിവേഗത്തിൽ നടപ്പാക്കുന്നു യുഡിഎഫ്.
വന്ദേമാതരം, പിഎം ശ്രീ, വഖഫ് നിയമ ഭേദഗതി, എംജി, കാർഷിക യൂണിവേഴ്‌സിറ്റികളിലെ വിസി നിയമനം, സെനറ്റ് പ്രതിനിധികളുടെ നാമനിർദേശം, അഡ്വക്കറ്റ് ജനറൽ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, ഗവ.പ്ലീഡർ തുടങ്ങി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലും ബജറ്റിലും വരെ ആർഎസ്‌എസ് പ്രീതി കേരളം കണ്ടു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്വാതന്ത്ര്യ സമര ക്വിസ് ചോദ്യാവലിയിൽ സവർക്കറെ പുകഴ്‌ത്തിയത് കഴിഞ്ഞ ദിവസമാണ്.
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർക്ക് പുഷ്‌പം പോലെ അവധി കിട്ടാൻ ആഭ്യന്തര വകുപ്പ് കത്ത് നൽകി. ജന്തർമന്തറിൽ സമരം ചെയ്‌ത വിദ്യാർഥികളെ വെടിവച്ചുകൊല്ലണമെന്ന് പറഞ്ഞ, പെൺകുട്ടികൾ ബലാത്സംഗം ഇഷ്‌ടപ്പെടുന്നുവെന്ന് പറഞ്ഞ ആർഎസ്‌എസ് പ്രമുഖൻ ടി ജി മോഹൻദാസിന് 11 ദിവസം സുരക്ഷ ഒരുക്കി. ഒടുവിൽ വിവാദമായപ്പോൾ ഗത്യന്തരമില്ലാതെ മോഹൻദാസിനെ അറസ്‌റ്റ് ചെയ്‌തു. യുഡിഎഫ് സർക്കാർ കേരളത്തെ ഏത് വഴിക്കാണ് നയിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇൗ ഓരോ തീരുമാനങ്ങളും.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചപ്പോൾ തങ്ങളൊന്നും അറിഞ്ഞതേയില്ലെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. എന്നാൽ തൊട്ടുപിന്നാലെ നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഗവർണറുടെ നയപ്രഖ്യാപന ചടങ്ങിൽ വന്ദേമാതരം ആലപിച്ചു. നയപ്രഖ്യാപനത്തിലും പിന്നാലെ ബജറ്റിലും കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടിയില്ല. എംജി വിസിയായി ആർഎസ്‌എസ് പ്രമുഖൻ ഡോ. ദാവൂദിനെ നിയമിച്ചപ്പോഴും തങ്ങളറിഞ്ഞല്ല നിയമനമെന്നാണ് സർക്കാർ പറഞ്ഞത്.
എന്നാൽ തൊട്ടുപിന്നാലെ 19 ആർഎസ്‌എസുകാരെ സെനറ്റിൽ നിയമിച്ചു. മൂന്ന് വിസിമാർ മോഹൻഭാഗവത് പങ്കെടുത്ത ആർഎസ്‌എസ് ചടങ്ങിൽ പങ്കെടുത്തപ്പോഴും മുഖ്യമന്ത്രിയും കൂട്ടരും മിണ്ടിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ശേഷാദ്രിനാഥൻ ആർഎസ്‌എസുകാരനെന്ന് പറഞ്ഞത് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസാണ്. ഗവ. പ്ലീഡർമാരിൽ ആർഎസ്‌എസുകാരുണ്ടെന്ന് പറഞ്ഞത് കെഎസ്‌യുവാണ്.
ആർഎസ്‌എസ് വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കേരളത്തിൽ നടപ്പാക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കികഴിഞ്ഞു. അമുസ്ലിംകളെ ഉൾപ്പെടുത്തൽ അടക്കമുള്ള വഖഫ് നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കുമെന്ന് ഹൈക്കോടതിക്കും സുപ്രിംകോടതിക്കും സംസ്ഥാന സർക്കാർ ഉറപ്പ് നൽകി. ജന്തർമന്തർ സംഭവത്തിൽ കേരളത്തിലെടുത്ത കേസുകൾ ഇനിയും പിൻവലിച്ചിട്ടില്ല. കേരളത്തിൽ ബിജെപിക്ക് മുന്നല്ല, 105 എംഎൽഎമാർ എന്ന പ്രതീതിയാണിപ്പോൾ.
ആർഎസ്‌എസ് പാദസേവയുടെ ഉദാഹരണങ്ങള്‍:
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു.
നിയമസഭയിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു.
നയപ്രഖ്യാപനത്തിൽ കേന്ദ്രത്തെ കുറിച്ച് മൗനം
ബജറ്റിൽ കേന്ദ്ര നയത്തെ കുറ്റപ്പെടുത്താതിരുന്നു.
പിഎം ശ്രീ
വഖഫ് നിയമ ഭേദഗതി
ആർഎസ്‌എസ് പ്രമുഖനെ എംജി താൽക്കാലിക വിസിയാക്കിയതിന് ഒത്താശ
എംജി സെനറ്റിൽ 19 ആർഎസ്‌എസുകാർ, സർക്കാർ ഒത്താശ
അഡ്വക്കറ്റ് ജനറൽ നിയമനം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കാനുള്ള സർക്കാർ ഉത്തരവ്
വിദ്യാഭ്യാസ വകുപ്പിന്റെ ക്വിസിൽ സവർക്കർക്ക് പുകഴ്‌ത്തൽ
ഗവ.പ്ലീഡർമാരിൽ ആർഎസ്‌എസുകാർ
ജന്തർമന്തർ സമരത്തെ പിന്തുണച്ച വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിച്ചില്ല.
ബിജെപി കൗൺസിലർ സുഗതന് അവധി ലഭിക്കാൻ ആഭ്യന്തര വകുപ്പിന്റെ കത്ത്.
ടി ജി മോഹൻദാസിന് 11 ദിവസം സംരക്ഷണം.









0 comments