ഉപതെരഞ്ഞെടുപ്പിലെ തോൽവി: സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2019, 04:44 PM | 0 min read

ബെംഗളൂരു> കര്‍ണാടകയില്‍ നടന്ന നിര്‍ണായക ഉപതെരഞ്ഞെടുപ്പില്‍  15ല്‍ 12 സീറ്റ്‌ നേടി ബിജെപി ജയിച്ചതിന്‌ പിന്നാലെ സിദ്ധരാമയ്യ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവച്ചു.

ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിനെ തുടർന്നാണ്‌ സിദ്ധരാമയ്യയുടെ രാജി. തോല്‍വിയുടെ ധര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. പിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവും രാജിക്കൊരുങ്ങുന്നതായാണ് വിവരം. രാജിക്കാര്യം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായും സിദ്ധരാമയ്യ വ്യക്തമാക്കി.

തന്റെ അടുപ്പക്കാരെയാണ് സിദ്ധരാമയ്യ സ്ഥാനാര്‍ഥിയാക്കിയിരുന്നത്‌. "ജനവിധി അംഗീകരിക്കുന്നു. പാര്‍ട്ടിയുടെ ക്ഷേമത്തിനായി പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുകയാണ്. രാജിക്കത്ത് സോണിയ ഗാന്ധിക്ക്‌ അയച്ചിട്ടുണ്ട്"- സിദ്ധരാമയ്യ പറഞ്ഞു.

കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറിയ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി നേട്ടമുണ്ടാക്കിയിരിക്കുന്നത്. ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ ഏഴുസീറ്റുകളിലെ ജയം അനിവാര്യമായിരുന്നു.

കര്‍ണാടകയില്‍ ആകെ സീറ്റ് 222ആണ്. ബിജെപിക്ക് 118, കോണ്‍ഗ്രസ് 68, ജെഡിഎസ് 34. മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.


 



deshabhimani section

Related News

View More
0 comments
Sort by

Home