ശിക്ഷ കടുപ്പിച്ചിട്ടും കുറ്റകൃത്യത്തിന്‌ കുറവില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2019, 03:30 PM | 0 min read

ന്യൂഡൽഹി >  ബലാത്സംഗക്കേസുകളിൽ കടുത്ത ശിക്ഷ നൽകിയതുകൊണ്ടുമാത്രം കുറ്റകൃത്യങ്ങൾ തടയാൻ കഴിയുന്നില്ലെന്ന്‌ ഹൈദരാബാദ്‌, ഉന്നാവ്‌ സംഭവങ്ങൾ  വ്യക്തമാക്കുന്നു. 2012ൽ ഡൽഹി കൂട്ടബലാത്സംഗത്തിന്‌ ശേഷമുണ്ടായ കടുത്ത ജനരോഷത്തെ തുടർന്ന്‌ ബലാത്സംഗത്തിന്‌ ശേഷം ഇരയെ കൊലപ്പെടുത്തുന്ന കേസുകളിൽ പരമാവധി വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി കൊണ്ടുവന്നിരുന്നു. കഠ്‌വ ബലാത്സംഗത്തിന്‌ ശേഷമുണ്ടായ പ്രതിഷേധങ്ങളെ തുടർന്നും വീണ്ടും നിയമഭേദഗതി കൊണ്ടുവന്നു.

കർശനശിക്ഷകൾ ഉറപ്പാക്കുന്ന ഈ നിയഭേദഗതികൾക്ക്‌ ശേഷവും സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ തുടരുകയാണ്‌. ബലാത്സംഗക്കേസുകളുടെ എണ്ണം ഒരോ ദിവസവും വർധിക്കുകയാണ്‌.

2017ലെ ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ (എൻസിആർബി) കണക്കുകൾ പ്രകാരം രാജ്യത്ത്‌ 32.2 ശതമാനം ബലാത്സംഗക്കേസുകളിൽ മാത്രമാണ്‌ ശിക്ഷ വിധിച്ചത്‌. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽപോലും ശിക്ഷാനിരക്ക്‌ (27.2) വളരെ കുറവാണ്‌.
കുട്ടികളെ ലൈംഗികചൂഷണത്തിന്‌ ഇരയാക്കുന്നത്‌ തടയാനുള്ള പോക്‌സോ  പ്രകാരമുള്ള ശിക്ഷാനിരക്കും വളരെ കുറവാണ്‌. 2018 മാർച്ച്‌ വരെ രാജ്യത്ത്‌ പോക്‌സോ നിയമപ്രകാരം 1,66,882 കേസുകളുടെ വിചാരണ മുടങ്ങിക്കിടക്കുകയാണ്‌.  

എൻസിആർബിയുടെ  2016, 2017ലെയും കണക്കുകൾ പ്രകാരം ഭൂരിപക്ഷം ലൈംഗികാതിക്രമ കേസുകളിലും പ്രതികൾ ഇരകളുടെ അടുത്ത ബന്ധുക്കളാണ്‌.  വധശിക്ഷ ഭയന്ന്‌ കുറ്റകൃത്യത്തിനുശേഷം ഇരകളെ ഇല്ലാതാക്കുന്നതും കൂടി.



deshabhimani section

Related News

View More
0 comments
Sort by

Home