ന്യൂഡൽഹി
സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ മണിപ്പുർ ബിജെപിയിൽ കലാപം. ഒട്ടേറെ സ്ഥലങ്ങളിൽ പ്രവർത്തകർ ഓഫീസുകൾ ആക്രമിച്ച് കൊള്ളയടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബീരേൻസിങ്ങിന്റെയും കോലം കത്തിച്ചു. ഓഫീസുകൾക്ക് പൊലീസ്‌കാവലുണ്ടായിരുന്നെങ്കിലും വിലപ്പോയില്ല. നേതാക്കളുടെ കൂട്ടരാജിയുമുണ്ടായി.
കോൺഗ്രസിൽനിന്നും എൻപിപിയിൽനിന്നും കൂറുമാറി വന്നവർക്ക് വൻതോതിൽ സീറ്റ് നൽകിയതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. സംഘർഷാവസ്ഥ തുടരുകയാണ്. കഴിഞ്ഞതവണ 60ൽ 21 സീറ്റ് ലഭിച്ച ബിജെപി എംഎൽഎമാരെ വിലയ്‌ക്കെടുത്താണ് അധികാരം പിടിച്ചത്.
ഏറ്റുമുട്ടി ബിജെപിയും എൻപിപിയും
മണിപ്പുരിൽ സർക്കാരിൽ പങ്കാളികളായ ബിജെപിയും എൻപിപി(നാഷണൽ പീപ്പിൾസ് പാർടി)യും പരസ്‌പരം മത്സരിക്കുന്നു. ബിജെപി സംസ്ഥാനത്തെ 60 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 40 സീറ്റിൽ മത്സരിക്കുമെന്നാണ് എൻപിപി പ്രഖ്യാപനം. 20 സ്ഥലത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഇതിനിടെ, ഇരുപാർടിയിൽനിന്നും നേതാക്കൾ പരസ്‌പരം കൂറുമാറുന്നു. സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവ് എൽ സഞ്‌ജോയ് സിങ് എൻപിപിയിൽ ചേർന്നു. ഇദ്ദേഹത്തെ ആൻഡ്രോ മണ്ഡലത്തിൽ മത്സരിപ്പിക്കും. എൻപിപി നേതാവ് മന്ത്രി ലെത്‌പാവോ ഹൗകിപ് രാജിവച്ച് ബിജെപിയിൽ ചേർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..