04 October Friday

ഡോ. സന്ദിപ്‌ ഘോഷിനെതിരായ അഴിമതി കേസ്‌ ; അന്വേഷണം സിബിഐക്ക്‌

ഗോപിUpdated: Saturday Aug 24, 2024


കൊൽക്കത്ത
ജൂനിയർ ഡോക്‌ടർ ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദിപ്‌ ഘോഷിനെതിരായ അഴിമതി കേസ്‌ അന്വേഷണം സിബിഐക്ക്‌ കൈമാറി കൊൽക്കട്ട ഹൈക്കോടതി. സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷക സംഘമായിരുന്ന കേസ്‌ അന്വേഷിച്ചിരുന്നത്‌. ശനിയാഴ്ച രാവിലെയോടെ ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് ജസ്റ്റിസ് രാജർഷി ഭരദ്വാജ് എസ്ഐടിയോട് ആവശ്യപ്പെട്ടു. ഡോക്‌ടറുടെ കൊലപാതക കേസിന്റെ അന്വേഷണവും ഹൈക്കോടതി സിബിഐക്ക്‌ വിട്ടിരുന്നു. അതേസമയം, സന്ദിപ് ഘോഷിനെ എട്ടാം ദിവസവും സിബിഐ ചോദ്യം ചെയ്‌തു.

കൊലപാതക കേസിൽ അറസ്‌റ്റിലായി സഞ്ജയ് റോയിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആവശ്യമുള്ളപ്പോൾ സിബിഐക്ക്‌ അയാളെ ചോദ്യം ചെയ്യാനുള്ള അനുവാദം കോടതി നൽകി. ഡോക്‌ടർമാർ സമരം അവസാനിപ്പിക്കണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചെങ്കിലും ആർജി കർ മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർ പ്രതിഷേധം തുടരുകയാണ്‌. സംഭവത്തിൽ ഒരാൾക്ക് മാത്രമേ പങ്കുള്ളുവെന്ന പൊലീസിന്റെ വാദം ഡോക്‌ടർമാർ തള്ളി.

ഒന്നിലേറെപേര്‍ 
ഉണ്ടാകാം
അറസ്റ്റിലായ സഞ്ജയ്‌ റോയിക്ക്‌ നിഷ്ഠൂരകൃത്യം നിര്‍വഹിക്കാന്‍ സഹായികൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന്‌ സിബിഐ. മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിലെ പൂട്ട്‌ തകർന്ന നിലയിലായിരുന്നു. പുറത്തു നടക്കുന്ന വിവരങ്ങൾ നൽകാൻ സെമിനാർ ഹാളിനുപുറത്ത്‌ മറ്റൊരാളുടെ സഹായം ലഭിച്ചിരിക്കാനും സാധ്യത. കുറ്റകൃത്യം നടക്കുന്ന സമയത്ത്‌ ആശുപത്രിയിൽ ഉണ്ടായിരുന്ന ആളുകൾ അസാധാരണമായ ശബ്‌ദം കേട്ടിരുന്നില്ല. ഇത്‌ ഒഴിവാക്കിയത്‌ പുറത്തു നിന്നൊരാൾ നിർദേശം നൽകിയതാവാമെന്നും സിബിഐ ഉദ്യോ​ഗസ്ഥര്‍ സംശയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top