ad
Deshabhimani

വിരട്ടി നേടാൻ ട്രംപ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 22, 2020, 01:19 AM | 0 min read

ന്യൂഡൽഹി
അമേരിക്കയ്‌ക്ക്‌ ഗുണകരമാകുന്ന വ്യാപാര കരാറിനായി ഇന്ത്യക്കുമേൽ സമ്മർദം ശക്തമാക്കി യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. നവംബറിലെ യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനുശേഷമാകും കരാര്‍. അത്‌ അമേരിക്കയ്‌ക്ക്‌ അനുകൂലമായിരിക്കുമെന്ന്‌ കൊളറാഡോയിലും ലാസ്‌വെഗാസിലും നടത്തിയ പ്രസംഗങ്ങളിൽ  ട്രംപ്‌ വ്യക്തമാക്കി. 
വർഷങ്ങളായി ഇന്ത്യ നമ്മളെ കടുത്ത രീതിയിൽ പ്രഹരിച്ചുവരികയാണ്‌. എന്നാലും മോഡിയെ വളരെ ഇഷ്ടമാണ്‌. അദ്ദേഹവുമായി ബിസിനസ്‌ കാര്യങ്ങൾ സംസാരിക്കും. അവർ നമുക്ക്‌ നൽകുന്ന തീരുവനിരക്കുകൾ ലോകത്തിലെതന്നെ ഏറ്റവും ഉയർന്നതാണ്‌. ഇന്ത്യയുമായി ഗംഭീര വ്യാപാര കരാറിൽ എത്തിയേക്കും.

ചിലപ്പോൾ കാര്യങ്ങൾ അൽപ്പം പതുക്കെയാക്കും. നല്ല കരാർ ആണെങ്കിൽമാത്രമേ ഒപ്പുവയ്‌ക്കൂ. ഇഷ്ടമായാലും ഇല്ലെങ്കിലും അമേരിക്കൻ താൽപ്പര്യങ്ങൾ മുന്നിൽ നിർത്തും. മെയ്‌ഡ്‌ ഇൻ യുഎസ്‌ എന്ന മനോഹര വാക്യത്തോടെയുള്ള കൂടുതൽ ഉൽപ്പന്നങ്ങൾ പുറത്തിറങ്ങുന്നതിന്‌ സന്ദർശനം വഴിയൊരുക്കും–-‘കീപ്‌ അമേരിക്ക ഗ്രേറ്റ്‌’ റാലിയിൽ ട്രംപ്‌ പറഞ്ഞു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ്‌ ട്രംപിന്റെ ഇന്ത്യാ സന്ദർശനം. ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ ജാർഡ്‌ കഷ്‌നർ എന്നിവർ അനുഗമിക്കും. മകളും മരുമകനും ട്രംപിന്റെ ഉപദേശകരാണ്‌.

ഇന്ത്യയുമായുള്ള കരാര്‍ അമേരിക്കയ്ക്ക് അനുകൂലമാകുമെന്ന് ട്രംപ് മുമ്പും പ്രഖ്യാപിച്ചിട്ടുണ്ട്.  എന്നാൽ, പ്രധാനമന്ത്രി മോഡി ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുകയാണ്. വാണിജ്യമന്ത്രി പീയുഷ്‌ ഗോയലും യുഎസ്‌ വ്യാപാര പ്രതിനിധി റോബർട്ട്‌ ലൈത്തിസറുമാണ്‌ കരാർ വിശദാംശങ്ങൾ ചർച്ച ചെയ്‌തത്‌. ട്രംപ്‌ വരുമ്പോൾ മിനി കരാറിൽ ഒപ്പുവയ്‌ക്കാൻ ശ്രമം നടത്തിയെങ്കിലും ചർച്ച പൂർത്തിയാക്കാനായിട്ടില്ല. ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാറിനാണ്‌ യുഎസിന്റെ ശ്രമം.


ഇന്ത്യ–- യുഎസ്‌ വ്യാപാരം


ഇന്ത്യ–- യുഎസ്‌ വ്യാപാരബന്ധത്തിൽ 2018 മുതൽ ഉലച്ചിലുണ്ട്. സ്‌റ്റെന്റുപോലുള്ള ചികിത്സാ ഉപകരണങ്ങളുടെയും ഹാർലി ഡേവിസൺ ബൈക്കിന്റെയും മറ്റും തീരുവ ഇന്ത്യ ഉയർത്തിയത്‌ ട്രംപിനെ പ്രകോപിപ്പിച്ചു. ഇന്ത്യയിൽനിന്നുള്ള ഉരുക്കിന്റെയും അലുമിനിയത്തിന്റെയും തീരുവ ഉയർത്തിയതിനു പുറമെ വ്യാപാരരംഗത്ത്‌ ഇന്ത്യക്ക്‌ നൽകിവന്ന മുൻഗണനാപദവി എടുത്തുകളഞ്ഞു.

ഇതോടെ ഇന്ത്യയിൽനിന്ന്‌ തീരുവരഹിതമായി ഇറക്കുമതി ചെയ്യപ്പെട്ടിരുന്ന രണ്ടായിരത്തോളം ഉൽപ്പന്നങ്ങൾക്ക്‌ അമേരിക്ക തീരുവ ഈടാക്കി. ട്രംപിന്റെ സന്ദർശനവേളയിൽ പാലുൽപ്പന്നങ്ങൾ, കോഴിക്കാല്‍, വിവിധ പഴവർഗങ്ങൾ എന്നിവയുടെ തീരുവ കുറച്ച്‌ പഴയ മുൻഗണനാപദവി തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്‌ ഇന്ത്യ നടത്തിയത്‌. എന്നാൽ, തീരുവയിളവ്‌ കൂടുതൽ വിപുലമാക്കണമെന്ന നിലപാടിലാണ്‌ അമേരിക്ക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home