യുവാവ്‌ മുന്നറിയിപ്പുകള്‍ അവഗണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 30, 2020, 12:43 AM | 0 min read

നാദാപുരം 
കോവിഡ് സ്ഥിരീകരിച്ച തൂണേരി കോടഞ്ചേരി സ്വദേശിയായ യുവാവ് സര്‍ക്കാരിന്റെയും  ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങള്‍ ലംഘിച്ചത് സ്ഥിതി ഗുരുതരമാക്കി. തലശേരി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവര്‍ ആരോഗ്യ വകുപ്പുമായോ, അധികൃതരുമായോ ബന്ധപ്പെടണമെന്നും ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ ഈ നിര്‍ദേശങ്ങൾ ഇയാള്‍ പാലിച്ചില്ല. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിനെയോ അധികൃതരെയോ അറിയിക്കാതെ ഇയാള്‍ കാറില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ സ്രവ പരിശോധനക്കായി എത്തുകയും പിന്നീട് പുറമേരി, തൂണേരി ടൗണുകളിലെല്ലാം എത്തി പലരുമായി സമ്പർക്കം പുലർത്തുകയും ചെയ്തു.
പുറമേരിയില്‍ നിരവധി കടകളില്‍ എത്തുകയും സുഹൃത്തുക്കളുമായി ഇടപഴകുകയും ചെയ്തു. വളയം, കക്കട്ട് മത്സ്യമാര്‍ക്കറ്റുകളില്‍ മാസ്ക്‌ ഇല്ലാതെ എത്തിയതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ സ്രവം പരിശോധനക്കെടുത്ത ആശുപത്രിയില്‍നിന്ന്  ബുധനാഴ്ച രാവിലെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന നിർദേശവും അവഗണിച്ചു. രാത്രിയോടെ ആശുപത്രി അധികൃതര്‍  ഡിഎംഒയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ രാത്രി വൈകി ആംബുലന്‍സിൽ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ഇയാൾ സ്വബോധത്തിൽ ആയിരുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
റൂട്ട് മാപ്പ് തയ്യാറാക്കൽ സങ്കീർണം
നാദാപുരം 
കോവിഡ് സ്ഥിരീകരിച്ച മത്സ്യ മൊത്തവിതരണക്കാരൻ ആരോഗ്യ പ്രവർത്തകരോട്‌ സഹകരിക്കാത്തത് റൂട്ട്‌ മാപ്പ്‌ തയ്യാറാക്കുന്നതിന്‌ തടസ്സമാകുന്നു. പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കൽപോലും നടന്നില്ല. ഫോൺ മുഖാന്തിരം ബന്ധപ്പെട്ടെങ്കിലും ഇയാൾ നിസ്സഹകരിക്കുകയായിരുന്നു.  യുവാവ് സഹകരിക്കാതിരുന്നതിനാൽ ബന്ധുക്കളുടെയും സഹോദരന്റെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച 150 പേരുടെ പ്രാഥമിക പട്ടിക ആരോഗ്യവകുപ്പ് ജില്ലാ ഭരണവിഭാഗത്തിന് കൈമാറിയിരുന്നു.
യുവാവ്‌ നാദാപുരം, പുറമേരി, വളയം, കുന്നുമ്മൽ, കുറ്റ്യാടി, പേരാമ്പ്ര, വടകര നഗരസഭയിലെ 40, 45, 46 വാർഡുകളിലും സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയിരുന്നു. പ്രധാനപ്പെട്ട മത്സ്യമാർക്കറ്റുകളിലെല്ലാം ഇയാൾ പോയിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടിക വളരെ വലുതാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ. മത്സ്യ മൊത്തവിതരണക്കാരനായതിനാൽ ഇദ്ദേഹത്തിന്റെ യാത്രകൾ മിക്കതും പുലർച്ചെയാണ്. അതുകൊണ്ട് യാത്രയെക്കുറിച്ച് നാട്ടുകാർക്കും കൂടുതൽ അറിവില്ല.


deshabhimani section

Related News

View More
0 comments
Sort by

Home