പോരാടാൻ എൻജിനിയർമാരുടെ ദ്രുതകർമസേന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 28, 2020, 11:03 PM | 0 min read


കൊച്ചി
കലൂർ പിവിഎസ്‌ ആശുപത്രി കോവിഡ്‌ സ്പെഷ്യൽ ആശുപത്രിയാക്കി മാറ്റുകയെന്ന ദൗത്യം അവർ ഏറ്റെടുത്തു. ഒരുവർഷമായി ഉപയോഗിക്കാതെ കിടന്ന ആശുപത്രി ഉപകരണങ്ങൾ നന്നാക്കുകയെന്ന ലക്ഷ്യം പൂർത്തിയാക്കി. യുദ്ധകാലാടിസ്ഥാനത്തിൽ ഒരാഴ്‌ച നീണ്ട പരിശ്രമത്തിനൊടുവിൽ എല്ലാ മെഡിക്കൽ ഉപകരണങ്ങളും പൂർണ പ്രവർത്തനസജ്ജം. ഒരുകൂട്ടം ബയോമെഡിക്കൽ എൻജിനിയർമാരാണ്‌ ദ്രുതകർമസേനയെപ്പോലെ ആശുപത്രിക്ക്‌ പുതുജീവൻ നൽകിയത്‌. 

കോവിഡിനെ നേരിടുന്ന ആരോഗ്യപ്രവർത്തകരിൽ, 24 മണിക്കൂറും പ്രവർത്തനസജ്ജരായ ബയോമെഡിക്കൽ എൻജിനിയർമാരുമുണ്ട്‌. ബിപി അപ്പാരറ്റസ്‌ മുതൽ എംആർഐ സ്‌കാനിങ് മെഷീൻവരെ സർവീസ്‌ ചെയ്യുന്നത് ഇവരാണ്. ജില്ല്ലയിലെ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾമുതൽ ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങൾവരെ ഇവരാണ്‌ പരിപാലിക്കുന്നത്‌.

നാലുവർഷമായി കിർലോസ്കർ ടെക്‌നോളജീസ് കമ്പനിയാണ്‌ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങളുടെ സർവീസ്‌ നടത്തുന്നത്‌. കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്റെ ടെൻഡർ നടപടികളിൽ പങ്കെടുത്താണ്‌ കമ്പനി മെഡിക്കൽ ഉപകരണങ്ങളുടെ പരിപാലനം ഏറ്റെടുത്തത്‌. കോവിഡ്‌ കാലത്തും ഈ സേവനം മുടങ്ങിയില്ല.

കമ്പനിയിലെ ഏഴംഗ ബയോമെഡിക്കൽ എൻജിനിയർമാരുടെ ടീമാണ്‌ അടഞ്ഞുകിടന്ന കലൂരിലെ പിവിഎസ്‌ കോവിഡ്‌ സ്‌പെഷ്യൽ ആശുപത്രിയാക്കി മാറ്റിയത്‌. നാഷണൽ ഹെൽത്ത്‌ മിഷൻ നിയമിച്ച ബയോമെഡിക്കൽ എൻജിനിയറുടെ മേൽനോട്ടത്തിലുള്ള ഏഴംഗ സംഘമാണ്‌ പ്രവർത്തനങ്ങൾ നടത്തിയത്‌. ഐസിയു പൂർണമായി സജ്ജീകരിച്ചു. അനസ്‌തേഷ്യ മെഷീനും വെന്റിലേറ്ററും  ഉൾപ്പെടെയുള്ളവ ഉപയോഗയോഗ്യമാക്കി. വെന്റിലേറ്ററിന്റെ കേടായ ബാറ്ററികൾ മാറ്റി സെൻസറുകൾ ശരിയാക്കി. ഓക്‌സിജൻ ഗ്യാസ്‌ പ്ലാന്റിലെ തകരാറുകൾ പരിഹരിച്ചു. ലാബുകളിലെയും കാഷ്വാലിറ്റിയിലെയും ഉപകരണങ്ങളും പൂർണസജ്ജമാക്കി. ഒരുലക്ഷത്തിനുമേൽ  രൂപയുടെ സ്‌പെയർ പാർട്‌സുകളാണ്‌ മാറിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home